ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസംബന്ധമാണ്. തനിക്ക് പനിയായതിനാലാണ് യോഗത്തിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചതെന്ന് അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിനിടെ ഇന്ത്യ മുന്നണിയുടെ യോഗം ഡിസംബര്‍ 17 ന് നടക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് അറിയിച്ചു. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ യോഗം ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രധാന നേതാക്കള്‍ അസൗകര്യം അറിയിച്ചതോടെ യോഗം മാറ്റി വെക്കുകയായിരുന്നു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് വൈകുന്നേരം നടക്കുമെന്നാണ് അറിയുന്നത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. എന്നാല്‍ വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിനെത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും യോഗത്തിനെത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ ഡിസംബര്‍ ആറിന് നിശ്ചയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ശിവസേനതലവന്‍ ഉദ്ധവ് താക്കറെ പിന്നീട് വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. ആം ആദ്മി പാര്‍ട്ടി യോഗം സംബന്ധിച്ച് സ്ഥിരീകരണമൊന്നും അറിയിച്ചിരുന്നില്ല.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശാല കൂട്ടായ്മയാണ് ഇന്ത്യ. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടാനാണ് ഇത് രൂപീകരിച്ചത്. ജൂലൈയില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിലായിരുന്നു സഖ്യ രൂപീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.