പെര്‍ത്തില്‍ നിന്ന് ദുബായിലേക്കു പറന്ന എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്

പെര്‍ത്തില്‍ നിന്ന് ദുബായിലേക്കു പറന്ന എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്

ദുബായ്: പെര്‍ത്തില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. 14 പേര്‍ക്കാണു പരിക്കേറ്റത്. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഇകെ421 വിമാനമാണ് കഴിഞ്ഞ ദിവസം ആകാശച്ചുഴിയില്‍പ്പെട്ടത്. എന്നിരുന്നാലും വിമാനം യാത്ര തുടര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ചൊവ്വാഴ്ച്ച അതിരാവിലെ, ഇറങ്ങാന്‍ കുറച്ചു സമയം മാത്രം ബാക്കിയുള്ളപ്പോള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ വച്ചാണ് സംഭവം ഉണ്ടായത്. 151 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ശക്തമായി കുലുങ്ങിയതോടെ ഒരു യാത്രക്കാരന്‍ ഉയര്‍ന്നുപൊങ്ങി തല സീലിങ്ങില്‍ ഇടിച്ചു. സീലിങ് തകര്‍ന്നതിന്റെ ചിത്രങ്ങള്‍ യാത്രക്കാരന്‍ എക്‌സിലൂടെ പങ്കുവച്ചു.

പരിക്കേറ്റവര്‍ക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും വിമാനത്തില്‍ വച്ചുതന്നെ വൈദ്യസഹായം നല്‍കിയതായി എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. ദുബായില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

പരിക്കേറ്റ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കെയര്‍ ടീമിനെയും വിന്യസിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.

ഏവിയേഷന്‍ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടര്‍ബുലന്‍സ്. കാറ്റിന്റെ സമ്മര്‍ദത്തിലും ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നതുപോലെയും അനുഭവപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.