നിയമസഭാ തെരഞ്ഞെടുപ്പ് യുവ കേസരികളുടെ അങ്കക്കളരിയാകും; മക്കള്‍ രാഷ്ട്രീയത്തിനും സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പ് യുവ കേസരികളുടെ  അങ്കക്കളരിയാകും; മക്കള്‍ രാഷ്ട്രീയത്തിനും സാധ്യത

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പതിവില്‍ നിന്ന് വ്യത്യസ്തമായി യുവ കേസരികളുടെ അങ്കക്കളരിയായി മാറാന്‍ സാധ്യത. പല യുഡിഎഫ് മണ്ഡലങ്ങളും നോട്ടമിട്ട് യുവാക്കളെ രംഗത്തിറക്കാനുള്ള സിപിഎം തീരുമാനം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ യുവനിരയ്ക്ക് ഗുണകരമായി ഭവിക്കും. മൂന്നുവട്ടം എംഎല്‍എ ആയവര്‍ മത്സരിക്കേണ്ടെന്ന സിപിഐ തീരുമാനം ആ പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്.

സ്ഥിരം അഭിനേതാക്കളെ വച്ചുള്ള പതിവ് നാടകം ഇത്തവണ നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുവാക്കളെ പരീക്ഷിക്കാനുള്ള സിപിഎം തീരുമാനം ഇത്തവണ 20 സീറ്റ് ലഭിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ വാദഗതികള്‍ക്ക് കരുത്ത് പകരും. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കൂടിയാകുമ്പോള്‍ സ്ഥിരം സീറ്റ് മോഹികളായ പല മുതിര്‍ന്ന നേതാക്കള്‍ക്കും മാറി നില്‍ക്കേണ്ടി വരും. ഇങ്ങനെ സിപിഎമ്മും കോണ്‍ഗ്രസും യുവ നിരയുമായി പോരാട്ടത്തിനിറങ്ങിയാല്‍ ബിജെപി അടക്കമുള്ള മറ്റ് രാഷ്ട്രീ പാര്‍ട്ടികള്‍ക്കും യുവാക്കളെ രംഗത്തിറക്കേണ്ടതായി വരും.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രിയങ്കാ ഗാന്ധി, സച്ചിന്‍ പൈലറ്റ് തുടങ്ങിയ താരപ്പൊലിമയുള്ള യുവ നേതൃത്വമെത്തുമെന്ന വാര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് വല്ലാത്ത പ്രതീക്ഷ നല്‍കുന്നുണ്ട്. സിറ്റ് വിഭജനത്തിലും അതിന്റെ പ്രതിഫലനമുണ്ടായേക്കാം. എന്നാല്‍ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളെല്ലാം സീറ്റിനായുള്ള പരക്കം പാച്ചിലിലാണ്. നേതാക്കള്‍ക്കിടയിലെ പതിവ് ഗ്രൂപ്പ് വീതം വയ്പിന് ഇത്തവണ സാധ്യത കുറവാണെങ്കിലും കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ ഗ്രൂപ്പ് രാഷ്ടീയത്തിന് പ്രസക്തിയുണ്ട്.

യുവ നിരയെന്ന ലേബലില്‍ മക്കള്‍ രാഷ്ട്രീയവും കടന്നുകൂടാനിടയുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, പി.ജെ ജോസഫിന്റെ മകന്‍ അപു ജോസഫ്, പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ മത്സരിക്കാനൊരുങ്ങി രംഗത്തുണ്ട്.

ആടി നില്‍ക്കുന്ന യുഡിഎഫിന്റെ സീറ്റുകളില്‍ പ്രധാനമായും ചെറുപ്പക്കാരെ ഇറക്കാനാണ് സിപിഎം ശ്രമം. എം സ്വരാജിനെ ഉപയോഗിച്ച് 2016ല്‍ കെ.ബാബുവിനെ തോല്‍പ്പിച്ച് തൃപ്പൂണിത്തുറ മണ്ഡലം പിടിച്ച പോലെയുള്ള നീക്കങ്ങള്‍. അതേ മാതൃകയില്‍ സിപിഎം ഇത്തവണ നോട്ടമിട്ടിരിക്കുന്നത് കളമശേരി മണ്ഡലമാണ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ മത്സരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ കഴിഞ്ഞ പ്രാവശ്യത്തെ സ്ഥാനാര്‍ത്ഥി ജെയ്ക് പി തോമസിന് തന്നെയാണ് സാധ്യത. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്നത്. വിഎസ് അച്യുതാനന്ദന്റെ മലമ്പുഴയിലോ തൃത്താലയിലോ എംബി രാജേഷ് മല്‍സരിച്ചേക്കും. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എലത്തൂരില്‍ മല്‍സരിച്ചേക്കുമെന്നാണ് സൂചന.

തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനെന്ന ഇരുപത്തിരണ്ട് വയസുകാരിയെ മേയറാക്കിയ തീരുമാനം സിപിഎമ്മിന് ഏറെ രാഷ്ട്രീയ മൈലേജ് നല്‍കിയിരുന്നു. യുവാക്കളെ കൂടുതലായി രംഗത്തിറക്കുന്നതിലൂടെ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

ജയ്‌മോന്‍ ജോസഫ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.