ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി

 ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍.

റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രിയാണ് അവതരിപ്പിച്ചത്. റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തു വന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോണ്‍കറാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്.

എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള അനുമതിയും നല്‍കിയില്ല.

വിഷയം സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസപ്പെടുത്തിയതിനെ തുടര്‍ന്ന് സഭ ഉച്ചക്ക് രണ്ടു വരെ നിര്‍ത്തി വച്ചിരുന്നു. പിന്നീട് സഭ ചേര്‍ന്നാണ് വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നു കോഴ സ്വീകരിച്ചെന്നും ചോദ്യങ്ങള്‍ നല്‍കാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണ് ആരോപണം.

ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതു കൊണ്ട് തന്നെ നിശബ്ദയാക്കാന്‍ കഴിയില്ലെന്നും അദാനിക്കെതിരായ പോരാട്ടം സഭയ്ക്ക് പുറത്ത് തുടരുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു. തെളിവില്ലാതെയാണ് തന്നെ പുറത്താക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.