കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി

കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി

സ്ഥാനത്യാഗം ചെയ്യാനും സഭാദ്ധ്യക്ഷന്‍മാര്‍ പഠിക്കണമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അധികാരത്തിന്റെ അല്ലെങ്കിൽ സഭാശുശ്രൂഷയുടെ മഹത്വം ഉയർത്തിപ്പിടിച്ച മഹാനായ ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.പ്രായപരിധി 75 വയസ്സ് എത്തുമ്പോള്‍ വിരമിക്കുന്നതിനും, ചിലപ്പോള്‍ പ്രായപരിധിയെത്തിയിട്ടും ശുശ്രൂഷാകാലം നീട്ടിക്കിട്ടുമ്പോള്‍ അത് ഏറ്റെടുത്ത് സേവനം തുടരുന്നതിലും ഇടയന്മാർ ശരിയായ മനോഭാവം പുലര്‍ത്തേണ്ടിയിരിക്കുന്നു.ദൈവത്തിന്‍റെ മുന്‍പിലും സഭയിലും ആരും സേവനത്തില്‍ അനിവാര്യരല്ല, എന്ന എളിയ മനോഭാവത്തോടെ സഭാ ശുശ്രൂഷയിൽ നിന്ന് വിരമിക്കാന്‍ സന്നദ്ധരാകേണ്ടതാണെന്ന വലിയ പാഠം സഭയ്‌ക്ക്‌ നൽകി കൊണ്ടാണ് ഈ അനുഗ്രഹപൂർണമായ വിടവാങ്ങൽ.മരണം വരെ ഉന്നത സ്ഥാനത്ത് തുടരാമായിരുന്നിട്ടും സ്വയം പടിയിറങ്ങിയ ഈ വലിയ ഇടയന്റെ സ്ഥാനം എന്നും ജനഹൃദയങ്ങളിൽ തന്നെയാണ്.

സീറോ മലബാർ സഭയെ ജനറേഷൻ ആൽഫയിലേക്ക് നയിച്ച ഇടയൻ
ത്യാഗസുരഭിലമായ ജീവിതം കൊണ്ടും സേവന ചരിത്രം കൊണ്ടും സീറോ മലബാർ സഭയെ ഇന്നത്തെ കീർത്തിയിലേക്കു പാകപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.2011 മുതൽ 2023 വരെ 12 വർഷം സിറോ മലബാർ കത്തോലിക്കാ സഭയെ ഉജ്ജ്വലമായി നയിച്ചു. എഴുത്തുകളിലൂടെയും പ്രബോധനങ്ങളിലൂടെയും സുവിശേഷ മൂല്യങ്ങള്‍ ശക്തമായി പ്രഘോഷിക്കുകയും നിലനിര്‍ത്തുകയും ചെയ്ത മാർ ആലഞ്ചേരി ആത്മീയതയുടെ നവയുഗ ചിന്താധാരകള്‍ സഭയില്‍ ഉയര്‍ത്തുകയും സഭയെ ഉത്തേജിപ്പിക്കുകയും ചെയ്തു. ധാര്‍മ്മിക സത്യങ്ങളുടെ നിഷേധവും ഭൗതികവാദവും ഉപഭോഗസംസ്കാരവും വളര്‍ന്നുവരുന്ന ഇക്കാലത്ത് പിതാവിന്റെ ചിന്തകൾ അടിസ്ഥാന സുവിശേഷമൂല്യങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കായിരുന്നു.

ജനറേഷൻ ആൽഫ( 2011 മുതൽ 2025 വരെ)യിലേക്ക് സീറോ മലബാർ സഭയെ പിതാവ് നയിച്ചു.സംഭവബഹുലമായ ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം സഭയെ നയിച്ചത്. ഇക്കാലയളവിലെ സഭാ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ മുഖം നോക്കാതെ നിലപാട് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ലോകത്തിലെ മാറ്റങ്ങൾ തുറവോടും സമാധാനപൂര്‍ണ്ണമായും ആത്മവിശ്വാസത്തോടും കൂടെ ഉള്‍ക്കൊള്ളാന്‍ വലിയ ഇടയന് സാധിച്ചു.ജീവിതത്തിൽ എന്നും വിശുദ്ധമായ പാരമ്പര്യം ഉയർത്തിപ്പിടിച്ച ആത്മീയ ആചാര്യനാണ്ആലഞ്ചേരി പിതാവ്.വിരമിക്കേണ്ടവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തങ്ങളുടെ പുതിയ ജീവിതാവസ്ഥയ്ക്കായി ഒരുങ്ങണമെന്ന് പിതാവിന്റെ മാതൃക ഓര്‍പ്പിക്കുന്നു. പ്രാര്‍ത്ഥനയിലും പഠനത്തിലും അജപാലനശുശ്രൂഷയിലും ശിഷ്ടകാലം അവര്‍ക്ക് ചെലവഴിക്കാന്‍ സാധിക്കണം. പ്രായപരിധിയെത്തിയിട്ടും സേവനകാലം നീട്ടിക്കിട്ടുന്നവര്‍ വ്യക്തിഗത പദ്ധതികള്‍ ഔദാര്യത്തോടെ മാറ്റിവച്ച് ശുശ്രൂഷ തുടരാനുള്ള സന്നദ്ധത പ്രകടമാക്കേണ്ടതാണ്. എന്നാല്‍ നീട്ടിക്കിട്ടിയാല്‍ വലിയ അവകാശമായിട്ടോ വിശേഷാധികാരമായിട്ടോ കാണരുത്. അത് മുന്‍സേവനത്തിനുള്ള വര്‍ദ്ധിച്ച അംഗീകാരമോ, പാരിതോഷികമായോ ഒരിക്കലും കാണരുത്.
നിരന്തരമായ പ്രാർത്ഥനയിൽ മുഴുകിയ ജീവിതം
തിരക്കേറിയ അജപാലന ജീവിതത്തിലും പ്രബോധനങ്ങളിലും പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ ആലഞ്ചേരി പിതാവ് എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. പരമ്പരാഗത പ്രാര്‍ത്ഥനാ രീതികളിലേയ്ക്കും പൗര്യസ്ത ദിവ്യബലിക്രമത്തിലേയ്ക്കുമുള്ള തിരിച്ചുപോക്കുമെല്ലാം പിതാവിന്റെ സുറിയാനി സഭാപരാമ്പര്യത്തെക്കുറിച്ചുള്ള പാണ്ഡിത്യവും ആത്മീയ നിലപാടും യാഥാസ്ഥിതിക ഭാവവും വെളിപ്പെടുത്തുന്നു.
സ്ഥാനത്യാഗം ചെയ്യുന്ന തന്‍റെ ജീവിതഘട്ടത്തില്‍ ക്രിസ്തുവിനോടൊപ്പം സഹനമലകയറി പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിക്കാനാണ് പിതാവ് ആഗ്രഹിക്കുന്നത്. ഇത്രയും നാള്‍ സഭയെ ശുശ്രൂഷിച്ച അതേ തീക്ഷ്ണതയോടെ ശിഷ്ടകാലവും പ്രാര്‍ത്ഥനയില്‍ സഭാശുശ്രൂഷ തുടരുമെന്ന വാക്കുകളോടെയാണ് ഔദ്യാഗികപദവിയിൽ നിന്ന് വിരമിക്കുന്നത്.

സഭയുടെ പൊതുനന്മയും പ്രത്യേക സാഹചര്യവും ആവശ്യങ്ങളുമാണ് പ്രായപരിധിക്കപ്പുറവുമുള്ള സേവനം ആവശ്യപ്പെടുന്നതിന് കാരണമാകുന്നത്. ഈ തീരുമാനം സ്വയംപ്രേരിതമല്ല, സഭാഭരണം അല്ലെങ്കില്‍ സഭാശുശ്രൂഷയുടെ കാര്യക്ഷമത ആവശ്യപ്പെടുന്നതാണ്. അതിനാല്‍ സഭയുടെയും സ്ഥാപനത്തിന്‍റെയും നന്മ കണക്കിലെടുത്ത് കരുതലുള്ള വിവേകത്തോടെയും, ഉചിതമായ വിവേചനത്തോടെയും ബന്ധപ്പെട്ടവര്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കണമെന്ന വലിയ പാഠം ഈ വിശുദ്ധ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
നവയുഗത്തിന്‍റെ മഹാത്യാഗി
മഹാത്യാഗിയായ ഈ സഭാനായകന്‍ ‘മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ്,എന്നും സ്ഥാനത്യാഗിയായ പിതാവെന്നും ഇനി അറിയപ്പെടും.സ്ഥാനത്യാഗിയും ധിഷണാശാലിയുമായ ആലഞ്ചേരി പിതാവിന്റെ ജീവിതം ആഗോള സഭയ്ക്കും ലോകത്തിനും ഇനിയും അനുഗ്രാശ്ശിസാവട്ടെ! മാനവികതയും മനുഷ്യത്വവും മറ്റുള്ളവരോട് കാണിച്ച ഈ മഹാനുഭാവൻ 'സുവിശേഷം സ്‌നേഹത്തിന്റെ ആണ് വിദ്വേഷത്തിന്റെ അല്ല' എന്ന് നമ്മെ പഠിപ്പിക്കുന്നു.സ്വജീവിതം പരമയാഗമായി ദൈവപിതാവിനു സമര്‍പ്പിക്കാനുള്ള ആത്മീയ സൗന്ദര്യവും തീവ്രതയും പിതാവിന്റെ സവിശേഷതയായി ചരിത്രത്തിൽ എന്നും നിലനിൽക്കും.


(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26