കോട്ടയം: കാനം രാജേന്ദ്രന് വിട നല്‍കി രാഷ്ട്രീയ കേരളം. ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് കാനം രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരവ് അര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തിന്റെ വീട്ടിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു. സംസ്ഥാന മന്ത്രിമാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
സിപിഐ നേതാക്കളുടെ ലാല്‍സലാം വിളികള്‍ക്കിടെ മകന്‍ സന്ദീപാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പ്രിയ സഖാവെ ലാല്‍സലാം, ഇല്ലയില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ മന്ത്രിമാര്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ കാനം രാജേന്ദ്രന് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്.
പുലര്‍ച്ചെ മൂന്നോടെ വീട്ടിലെത്തിച്ച കാനത്തിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. തിരുവനന്തപുരത്തു നിന്നും വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.