മുംബൈ: അടുത്തിടെ കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വ്യത്യസ്തമായൊരു തട്ടികൊണ്ട് പോകല്‍ വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവരുന്നത്.
പിതാവിന്റെ കൈയില്‍ നിന്ന് പണം ലഭിക്കാന്‍ 20കാരനായ മകന്‍ സ്വന്തമായി തട്ടികൊണ്ട് പോകല്‍ സൃഷ്ടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഡിസംബര്‍ ഏഴിന് മകനെ കാണാനില്ലെന്ന് പറഞ്ഞ് വാലിവ് പൊലീസ് സ്റ്റേഷനില്‍ പിതാവ് വിളിക്കുന്നു. പല്‍ഗാര്‍ വസായിലെ ഫാതര്‍വാഡി സ്വദേശിയാണ് പിതാവ്. മകന്‍ അന്നേദിവസം വീട്ടില്‍ നിന്ന് പോയിട്ട് തിരികെയെത്തിയില്ലെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഡിസംബര്‍ എട്ടിന് പൊലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പിതാവിന് മകന്റെ കോള്‍ വന്നു. മൂന്ന് ആളുകള്‍ ചേര്‍ന്ന് തന്നെ തട്ടികൊണ്ട് പോയെന്നും പിടിച്ചുവച്ചിരിക്കുകയാണെന്നും മകന്‍ പിതാവിനെ അറിയിച്ചു. 30,000 രൂപ കൊടുത്തില്ലെങ്കില്‍ തട്ടികൊണ്ട് പോയവര്‍ തന്നെ കൊല്ലുമെന്നും മകന്‍ പിതാവിനോട് പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇതിനിടെ പണം അയച്ചുകൊടുക്കാന്‍ ക്യു ആര്‍ കോഡും മകന്‍ പിതാവിന് അയച്ചുകൊടുത്തു. നാല് പൊലീസ് സംഘങ്ങളായി തിരിഞ്ഞാണ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് യുവാവ് വസായി ഫാട്ടാ എന്ന സ്ഥലത്തുള്ളതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാലിത് നല്‍കാന്‍ പിതാവ് തയ്യാറാകാത്തതിനാലാണ് തട്ടികൊണ്ട് പോകല്‍ നാടകത്തിന് പദ്ധതിയിട്ടതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ 20കാരനെ കസ്റ്റഡിയിലെടുത്തെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.