ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍; തൊട്ടു പിന്നാലെ ഡ്രോണ്‍ ആക്രമണം

ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍; തൊട്ടു പിന്നാലെ ഡ്രോണ്‍ ആക്രമണം

സന: ഗാസയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ചെങ്കടലിലൂടെ ഇസ്രയേലിലേക്ക് പോകുന്ന എല്ലാ ചരക്ക് കപ്പലുകളും ആക്രമിക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഗാസയിലെ പാലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രയേല്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ ആവശ്യം.

അതേസമയം ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള രണ്ട് ഡ്രോണുകള്‍ തകര്‍ത്തുവെന്ന് ഫ്രഞ്ച് സൈന്യം അറിയിച്ചു. മേഖലയില്‍ നങ്കൂരമിട്ട ഫ്രഞ്ച് കപ്പലാണ് ഹൂതികളുടെ ആക്രമണം ചെറുത്തത്. ഹൂതികളെ നിയന്ത്രിക്കാന്‍ മറ്റു രാജ്യങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കാത്തത് മേഖലയെ അസ്വസ്ഥമാക്കുന്നുണ്ട്.

ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുമുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടിരുന്നു. നിരപരാധികളെ കൊലപ്പെടുത്താന്‍ അമേരിക്ക സഹായം ചെയ്യുകയാണെന്നാണ് ഇതിനോട് തുര്‍ക്കി പ്രതികരിച്ചത്.

രണ്ടാഴ്ച മുമ്പ് ഇസ്രയേലിലേക്കുള്ള കപ്പല്‍ ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഇവര്‍ പിടികൂടിയത്. തുടര്‍ന്ന് വിനോദ ആവശ്യങ്ങള്‍ക്കായി കപ്പല്‍ ഉപയോഗിച്ചതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇസ്രയേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി.

ലോകത്തെ പ്രധാന ചരക്കുപാതയാണ് ചെങ്കടലിലൂടെയുള്ളത്. ഇവിടെ കപ്പല്‍ ആക്രമിക്കപ്പെട്ടാല്‍ ഇസ്രയേലിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. യമനിലെ വിമത സംഘമാണ് ഹൂതികള്‍. ഷിയാ വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. നേരത്തെ സൗദി സഖ്യവുമായി ഇവര്‍ യുദ്ധം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ മേഖല  യുദ്ധം അവസാനിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധമുണ്ടായതും ഹൂതികള്‍ ഇടപെടുന്നതും. എന്നാല്‍ ഇസ്രയേലിനെ ആക്രമിക്കുക എന്നത് ഹൂതികള്‍ക്ക് വലിയ വെല്ലുവിളിയാണ്.

സൗദി അറേബ്യയ്ക്കും ജോര്‍ദാനും മുകളിലൂടെ വേണം ഹൂതികള്‍ക്ക് ആക്രമണം നടത്താന്‍. എന്നാല്‍ മാത്രമേ ഇസ്രയേലിലേക്ക് ഇവരുടെ മിസൈലുകള്‍ എത്തൂ. അത്രയും ദൂരം സഞ്ചരിക്കുന്ന മിസൈലുകള്‍ ഹൂതികളുടെ കൈവശമില്ല എന്നാണ് കരുതുന്നത്. അതേസമയം ഹൂതികള്‍ തൊടുത്തുവിട്ട രണ്ട് ഡ്രോണുകല്‍ ഫ്രഞ്ച് സേന തകര്‍ത്തു. അമേരിക്കയും ഹൂതികള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഗസയിലേക്ക് മരുന്നും ഭക്ഷണവും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്ക് പോകുന്ന ഏത് രാജ്യത്തിന്റെ കപ്പലും ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. പാലസ്തീന് പിന്തുണ നല്‍കിയാണ് തങ്ങളുടെ നീക്കമെന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ ഇറാനാണ് ഇതിന് പിന്നിലെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.
ഹൂതികള്‍ സ്വന്തമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് ഇറാന്റെ പ്രതികരണം. അതേസമയം അമേരിക്കയും ബ്രിട്ടനും ഹൂതികള്‍ക്കും ഇറാനുമെതിരെ രംഗത്തുവന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.