ബിഎസ്പിക്ക് തിരിച്ചടി: ഡാനിഷ് അലി എംപി കോണ്‍ഗ്രസിലേക്കെന്ന് സൂചന

ബിഎസ്പിക്ക് തിരിച്ചടി: ഡാനിഷ് അലി എംപി കോണ്‍ഗ്രസിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ബിഎസ്പിയില്‍ നിന്നും പുറത്താക്കപ്പെട്ട ഡാനിഷ് അലി എംപി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഡാനിഷ് അലിയെ ബിഎസ്പി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

ടിഎംസി എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത് ഉള്‍പ്പെടേയുള്ള നടപടികളാണ് ബിഎസ്പി നേതൃത്വത്തെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഎസ്പിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അദേഹം കോണ്‍ഗ്രസ് ചേരിയിലേക്ക് എത്തുമെന്നാണ് സൂചന. കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രശ്‌നം ഉള്ളതിനാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കില്ലെങ്കിലും പാര്‍ട്ടിയുമായി സഹകരിച്ച് പോകാനായിരിക്കും നീക്കം. അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജിവച്ച് കോണ്‍ഗ്രസ് അംഗത്വം നേടും.

കോണ്‍ഗ്രസില്‍ ചേരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്നോട് മറ്റെന്തെങ്കിലും ചോദിക്കൂ എന്നായിരുന്നു അദേഹത്തിന്റെ പ്രതികണം. ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് ഏകാന്ത പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അദേഹത്തിന് പിന്തുണയുമായി മറ്റ് പ്രതിപക്ഷ അംഗങ്ങളും രംഗത്ത് വന്നിരുന്നു.

തന്നെ ലോക്സഭാ എംപിയാക്കിയതിന് ബിഎസ്പി അധ്യക്ഷ മായാവതിയോട് താന്‍ എപ്പോഴും നന്ദിയുള്ളവനാണെന്നും ബിഎസ്പിയെ ശക്തമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ചില വ്യവസായികള്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെതിരെ താന്‍ ശബ്ദം ഉയര്‍ത്തിയിരുന്നു. അത് തുടരുമെന്നും അദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.