സാമ്പത്തിക അടിയന്തരാവസ്ഥ: പത്ത് ദിവസത്തിനുള്ളില്‍ മറുപടിയില്ലെങ്കില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയയ്ക്കുമെന്ന് ഗവര്‍ണര്‍

സാമ്പത്തിക അടിയന്തരാവസ്ഥ: പത്ത് ദിവസത്തിനുള്ളില്‍ മറുപടിയില്ലെങ്കില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയയ്ക്കുമെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു 12 വിഷയങ്ങളിലെ വിശദീകരണമാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ക്കു ലഭിക്കുന്ന പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ അയച്ചുകൊടുക്കുന്നത് പതിവാണ്. എന്നാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന കത്താണ് ചീഫ് സെക്രട്ടറിക്ക് രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അയച്ചത്.

എട്ട് പേജുള്ള നിവേദനത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 12 കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിലെല്ലാം ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുമുണ്ട്. പൊതുപ്രവര്‍ത്തകനായ ആര്‍.എസ് ശശികുമാറാണ് സംസ്ഥാനത്ത് സാമ്പത്തിക അടിന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന നിവേദനം ഗവര്‍ണര്‍ക്ക് നല്‍കിയത്.

സിവില്‍ സപ്ലൈസും കെഎസ്ആര്‍ടിസിയും കടന്നു പോകുന്ന സാമ്പത്തിക ഞെരുക്കം അക്കമിട്ട് നിവേദനത്തില്‍ പറയുന്നുണ്ട്. കെഎസ്ആര്‍ടിസി സംബന്ധിച്ച കേസില്‍ സാമ്പത്തിക ഞെരുക്കം വിശദീകരിക്കുന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലവും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.