കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഹരിനാരായണന്‍ എറണാകുളം ലിസി ആശുപത്രി വിട്ടു. പതിനാറുകാരനായ ഹരിനാരായണന് കഴിഞ്ഞ മാസം അവസാനമാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണനില്‍ മിടിക്കുന്നത്.
ഹരിനാരായണിന്റെ സഹോദരന്‍ സൂര്യനാരായണന്‍ 2021 ല്‍ ലിസി ആശുപത്രിയില്‍ തന്നെ ഹൃദയമാറ്റം നടത്തിയിരുന്നു. രണ്ട് സഹോദരന്മാര്‍ക്കും ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുക, ഇരുവര്‍ക്കും ഹൃദയം മാറ്റിവയ്ക്കേണ്ടിവരിക, ഒരേ ശസ്ത്രക്രിയ നടത്തുക, രണ്ട് പേര്‍ക്കും ഡോക്ടര്‍ വ്യോമമാര്‍ഗം തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഹൃദയമേറ്റെടുക്കുക എന്നിങ്ങനെ ഇരുവരുടെയും ചികിത്സയില്‍ സമാനതകളേറെയായിരുന്നു.
കായംകുളം സ്വദേശികളായ ബിന്ദുവിന്റെയും സതീഷിന്റെയും മക്കളാണ് സൂര്യനാരായണനും ഹരിനാരായണനും. ഇന്നലെ ഹരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സമയം അരികത്ത് സഹോദരന്‍ സൂര്യനാരായണനും ഉണ്ടായിരുന്നു. ഹൃദയം ക്രമാതീതമായി വികസിപ്പിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ഹരിനാരായണന്. സമാന രക്തഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് മനസിലാക്കിയ ഉടന്‍തന്നെ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ മെഡിക്കല്‍ സംഘം വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് ഉറപ്പായതോടെ ശസ്ത്രക്രിയ സാധ്യമാകുകയായിരുന്നു.
കടുത്ത വേദനക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ വലിയ മനസ് കാണിച്ച സെല്‍വിന്റെ കുടുംബത്തെ മറക്കാന്‍ കഴിയില്ലെന്ന് ഹരിനാരായണന്‍ പറഞ്ഞു. ഹരിനാരായണന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
ഹൃദയം മാറ്റിവെയക്കല്‍ കഴിഞ്ഞ ഹരിയുടെ ജ്യേഷ്ഠന്‍ സൂര്യനാരായണനും ആരോഗ്യവാനാണ്. കഴിഞ്ഞ ദിവസം നടന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ നീന്തല്‍ മത്സരത്തിലടക്കം സൂര്യനാരായണന്‍ മെഡലുകള്‍ നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.