മണിപ്പൂരില്‍ സമാധാന ആഹ്വാനവുമായി പുതിയ ഇടയന്‍; ഇംഫാല്‍ അതിരൂപതയുടെ അധ്യക്ഷനായി ആര്‍ച്ചുബിഷപ്പ് ലിനസ് നെലി സ്ഥാനമേറ്റു

 മണിപ്പൂരില്‍ സമാധാന ആഹ്വാനവുമായി പുതിയ ഇടയന്‍; ഇംഫാല്‍ അതിരൂപതയുടെ അധ്യക്ഷനായി ആര്‍ച്ചുബിഷപ്പ് ലിനസ് നെലി സ്ഥാനമേറ്റു

ഇംഫാല്‍: വംശീയ സംഘര്‍ഷങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മണിപ്പൂരിലെ ജനതയ്ക്ക് ആത്മീയ പാതയില്‍ ഉണര്‍വേകാന്‍ പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണം. സേനാപതി ജില്ലയിലെ സെന്റ് ജോണ്‍ ബോസ്‌കോ ഇടവകയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ ഇംഫാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ലിനസ് നെലി (66) സ്ഥാനമേറ്റു. സംഘര്‍ഷ ഭൂമിയിലെ പുതിയ ഇടയനെ ഏറെ സന്തോഷത്തോടെയാണ് ചടങ്ങിനെത്തിയ പതിനായിരത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികള്‍ സ്വീകരിച്ചത്.

മണിപ്പൂര്‍ സംസ്ഥാനം മുഴുവനും ഉള്‍ക്കൊള്ളുന്ന ഇംഫാല്‍ അതിരൂപതയിലെ, സ്ഥാനമൊഴിയുന്ന ആര്‍ച്ചുബിഷപ്പ് ഡൊമിനിക് ലൂമോണിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ലിയോപോള്‍ഡോ ഗിരെല്ലി സന്ദേശം നല്‍കി. സംഘര്‍ഷങ്ങളുടെയും ദുരിതങ്ങളുടെയും കാലത്ത് ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു ആര്‍ച്ചുബിഷപ്പ് ഗിരെല്ലിയുടെ സന്ദേശം.


ആര്‍ച്ചുബിഷപ്പ് ലിനസ് നെലിയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ നിന്ന്

വടക്കുകിഴക്കന്‍ ഇന്ത്യയില്‍നിന്നുള്ള 18 ബിഷപ്പുമാരും 200-ലധികം വൈദികരും 500 കന്യാസ്ത്രീകളും മണിപ്പൂരിന്റെ തലസ്ഥാനത്തുനിന്ന് പര്‍വതപ്രദേശങ്ങളിലൂടെ രണ്ടു മണിക്കൂര്‍ യാത്രചെയ്ത് സേനാപതിയിലെ സെന്റ് ജോണ്‍ ബോസ്‌കോ ഇടവകയില്‍ നടന്ന ചടങ്ങില്‍ സന്നിഹിതരായി.

തണുത്ത കാലാവസ്ഥയെ അതിജീവിച്ച്, മണിപ്പൂരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് കത്തോലിക്ക വിശ്വാസികളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.

'പുരോഹിതരും വിശ്വാസികളും തമ്മില്‍ നല്ല ബന്ധം സഭയ്ക്ക് ആവശ്യമാണ്. സഭയുടെ നന്മയ്ക്കും സമാധാനത്തിനുംവേണ്ടി എല്ലാവരും ഒരുമിച്ചുപ്രവര്‍ത്തിക്കണം' - സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം കത്തോലിക്കര്‍ക്കു വേണ്ടി 17 വര്‍ഷത്തോളം സേവനം ചെയ്ത് വിരമിക്കുന്ന ആര്‍ച്ചുബിഷപ്പ് ഡൊമിനിക് ലൂമോണ്‍ ആവശ്യപ്പെട്ടു.


ആര്‍ച്ചുബിഷപ്പ് ലിനസ് നെലി

'സമൂഹത്തില്‍ സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി ആഹ്വാനം ചെയ്ത ന്യൂണ്‍ഷ്യോ, നീതിയിലൂടെയാണ് സമാധാനം വരുന്നതെന്ന് വിശ്വാസികളെ ഓര്‍മിപ്പിച്ചു. ഐക്യത്തോടെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം - ആര്‍ച്ചുബിഷപ്പ് ഗിരെല്ലി കൂട്ടിച്ചേര്‍ത്തു.

പള്ളിയില്‍ ആയിരത്തോളം ആളുകളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നതിനാല്‍, സെന്റ് സേവ്യേഴ്സ് കോളജിന്റെ ഗ്രൗണ്ടിലെ വലിയ സ്‌ക്രീനിലും ചടങ്ങുകള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചിരുന്നു. വര്‍ണാഭമായ ഗോത്ര വസ്ത്രങ്ങള്‍ അണിഞ്ഞ് ഏറെ ഉത്സാഹത്തോടെയാണ് സാധാരണക്കാരായ വിശ്വാസികള്‍ ചടങ്ങുകള്‍ വീക്ഷിച്ചത്. മണിപ്പൂരിന്റെ തനതു നൃത്ത രൂപങ്ങളും ചടങ്ങിനു ശേഷം അരങ്ങേറി.



മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷത്തിന് കഴിഞ്ഞ മെയ് മാസത്തിലാണ് തുടക്കം കുറിച്ചത്. 50,000-ത്തിലധികം കുക്കി അഭയാര്‍ഥികളും 10,000 -ത്തിലധികം മെയ്തേയ്കളും കലാപത്തില്‍ അഭയാര്‍ഥികളായി മാറിയിരുന്നു. അക്രമാസക്തമായ ഈ കലാപത്തിന്റെ ഇനിയുമുണങ്ങാത്ത മുറിവുകളില്‍ ആശ്വാസം പകരാന്‍ ഒരു ഇടയന്‍ എന്ന നിലയിലാണ് പുതിയ ബിഷപ്പിനെ മണിപ്പൂര്‍ ജനത സ്വീകരിക്കുന്നത്.

മണിപ്പൂരിലെ സേനാപതി ജില്ലയില്‍ ജനിച്ച ലിനസ് നെലി, 1984-ലാണ് വൈദികനായി അഭിഷിക്തനായത്. ഷില്ലോങ്ങിലെ ക്രൈസ്റ്റ് ദി കിംഗ് കോളജില്‍ ഫിലോസഫിയും പൂനെയിലെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ. ലീനസ് നെലി പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ സര്‍വകലാശാലയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

നിലവില്‍ ഇംഫാല്‍ അതിരൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, ജുഡീഷ്യല്‍ വികാരിയുമായി സേവനം ചെയ്തു വരവെയാണ് പുതിയ നിയമനം ലഭിക്കുന്നത്. സെമിനാരികളിലും, ഇടവകകളിലും സേവനം ചെയ്തിട്ടുള്ള അദ്ദേഹം കാരിത്താസ് ഇന്ത്യയുടെ ദേശീയ ഡയറക്‌റായും 2013-2014 കാലഘട്ടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.