അലഹാബാദ്: സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കോടതി. അലഹാബാദ് ഹൈക്കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. ഇത്തരത്തില്‍ നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് വിവേക് ചൗധരി ചൂണ്ടിക്കാട്ടി.
സ്പെഷല്‍ മാരേജ് ആക്ട്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ നോട്ടീസ് പരസ്യപ്പെടുത്തണോ എന്ന കാര്യം എഴുതി നല്‍കാമെന്ന് കോടതി പറഞ്ഞു. നിയമത്തിലെ ആറാം വകുപ്പു പ്രകാരമുള്ള നോട്ടീസ് പരസ്യപ്പെടുത്തേണ്ടതുണ്ടോയെന്ന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് തീരുമാനിക്കാം. നോട്ടീസ് പരസ്യപ്പെടുത്താന്‍ ആവശ്യപ്പെടാത്ത പക്ഷം ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്യേണ്ടതില്ല. നടപടിക്രമം അനുസരിച്ച് വിവാഹം നടത്തിക്കൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു.
വിവാഹിതരാവുന്നവരുടെ തിരിച്ചറിയല്‍ രേഖ, പ്രായം, സമ്മതം എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവയില്‍ എന്തെങ്കിലും സംശയം ഉള്ളപക്ഷം വിശദീകരണോ രേഖകളോ ആവശ്യപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഭരണകൂടത്തിന്റെയോ സ്വകാര്യ വ്യക്തികളുടെയോ ഇടപെടല്‍ ഇല്ലാതെ വിവാഹം തെരഞ്ഞെടുക്കാനുള്ള അവകാശം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. വിവാഹത്തിന് പരസ്യ നോട്ടീസ് നിര്‍ബന്ധമാക്കുന്നത് സ്വതന്ത്രമായി ജീവിക്കാനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമായി കാണേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.