ക്രിസ്തുമസ്, പുതുവത്സര സീസണ്‍: കേരള ഗള്‍ഫ് സെക്ടറിലെ യാത്രക്കാര്‍ വലയും; 10,000 രൂപയുടെ ടിക്കറ്റിന് 75,000 രൂപ

ക്രിസ്തുമസ്, പുതുവത്സര സീസണ്‍: കേരള ഗള്‍ഫ് സെക്ടറിലെ യാത്രക്കാര്‍ വലയും; 10,000 രൂപയുടെ ടിക്കറ്റിന് 75,000 രൂപ

കൊച്ചി: കേരള ഗള്‍ഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കില്‍ ആറിരട്ടിയിലേറെ വര്‍ധന. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വന്‍ തോതിലാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ക്രിസ്തുമസ്, പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ധനവ്.

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ ഇതേ സമയത്ത് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ഇതോടെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തിഹാദ് എയര്‍വേയ്‌സില്‍ പുതുവത്സര ദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസില്‍ 75,000 രൂപയാണ് നിരക്ക്. നിലവില്‍ പതിനായിരത്തില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിന് പുതുവത്സര ദിനത്തില്‍ 1,61,213 രൂപ നല്‍കണം.
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് നിലവില്‍ ഇത്തിഹാദില്‍ 26,417 രൂപയ്ക്ക് യാത്ര ചെയ്യാമെങ്കില്‍ ക്രിസ്തുമസ്പുതുവത്സര സീസണില്‍ 50,000 രൂപ നല്‍കണം. നാല് അംഗങ്ങളുള്ള കുടുംബത്തിന് ദുബായില്‍ നിന്ന് നാട്ടിലെത്താന്‍ 2,00,000 രൂപ ടിക്കറ്റ് ഇനത്തില്‍ ചെലവാകുമെന്ന് ചുരുക്കം.

കേരള യുഎഇ സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് മുന്‍കൂട്ടി നിരക്ക് ഉയര്‍ത്തിക്കഴിഞ്ഞു. നേരത്തേ 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിന് മുകളില്‍ നല്‍കേണ്ടി വരും. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും സീസണ്‍ കഴിയുന്നതുവരെ യുഇഎയിലേക്ക് യാത്ര ചെയ്യാന്‍ 40,000 രൂപ വരെയാകും. ദുബായില്‍ നിന്ന് കേരളത്തിലേക്ക് ഈ മാസം 22 മുതല്‍ ജനുവരി എട്ട് വരെ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യണമെങ്കില്‍ 30,000 രൂപയ്ക്കു മുകളില്‍ നല്‍കണം. നിലവില്‍ 12,000 രൂപയാണ് നിരക്ക്. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കും നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധനയുണ്ട്.

അതേസമയം അവധിക്കാലത്തും ഉത്സവ സീസണിലും ഗള്‍ഫിലേക്കും തിരിച്ചും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഓണത്തിന് ചാര്‍ട്ടേഡ് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. രാജ്യാന്തര വിമാന സര്‍വീസുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് തടസമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.