പ്രതിഷേധക്കാരിലൊരാളുടെ പാസില്‍ ഒപ്പിട്ടത് ബിജെപി എംപി; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

പ്രതിഷേധക്കാരിലൊരാളുടെ പാസില്‍ ഒപ്പിട്ടത് ബിജെപി എംപി; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച രണ്ട് പേരില്‍ ഒരാള്‍ ലോക്സഭയില്‍ കടന്നത് ബിജെപി എംപി നല്‍കിയ സന്ദര്‍ശക പാസ് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. മൈസൂര്‍ കുടക് എംപി പ്രതാപ് സിംഹയുടെ പാസാണ് ഒരു പ്രതിഷേധക്കാരന്റെ കൈവശമുണ്ടായിരുന്നത്.

സാഗര്‍ ശര്‍മ എന്നാണ് ലോക്സഭ പബ്ലിക് ഗാലറിയിലേക്കുള്ള പാസില്‍ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിഷേധിച്ച രണ്ടാമന്‍ മൈസൂരു സ്വദേശിയായ എഞ്ചിനീയറാണ്. ഡി. മനോരഞ്ജന്‍ എന്നാണ് ഇയാളുടെ പേര്.

എംപിയുടെ ശുപാര്‍ശ പ്രകാരമാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചതെന്ന വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടും ഗുരുതര സുരക്ഷ വീഴ്ച സംഭവിച്ചതെങ്ങനെയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് സന്ദര്‍ശകരെ പാര്‍ലമെന്റിനകത്തേക്ക് കടത്തി വിടാറുള്ളത്. എന്നിട്ടും പ്രതികള്‍ കളര്‍ സ്‌മോക് സ്‌പ്രേയുമായി എങ്ങനെ അകത്ത് കടന്നുവെന്നാണ് ഉയരുന്ന ചോദ്യം. ഷൂസിനുള്ളിലാണ് ഇവര്‍ ഇത് ഒളിപ്പിച്ചു കടത്തിയത്.

മെറ്റല്‍ ഡിക്ടര്‍ പരിശോധനകളില്‍ പോലും ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അക്രമികളുടെ കൈകളിലുള്ള എല്ലാ വസ്തുക്കളും പിടികൂടിയിട്ടുണ്ടെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ലോക്‌സഭാ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.


ബുധനാഴ്ച ഉച്ചക്ക് 1.02 ന് സീറോ അവറിലാണ് ലോക്‌സഭയില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തു ചാടുകയായിരുന്നു. പ്രതികള്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളര്‍ സ്‌പ്രേ കത്തിക്കുകയും ചെയ്തു.

ലോക്‌സഭയുടെ അകത്ത് പ്രതിഷേധിച്ച രണ്ടുപേരെ കൂടാതെ പുറത്ത് പ്രതിഷേധിച്ച ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. നാല് പേരെയും ഐബി അടക്കമുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും.

പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് അറസ്റ്റിലായ നീലം, അമോല്‍ ഷിന്‍ഡ എന്നിവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നും വിവരമുണ്ട്. രാജ്യത്തെ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. ഭാരത് മാതാ കീ ജയ്, ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചത്.

പ്രതിഷേധക്കാര്‍ സഭയ്ക്കുള്ളിലെത്തിയത് ഒരു ബിജെപി എംപി ഒപ്പിട്ട പാസ് ഉപയോഗിച്ചാണെന്നത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.