ലോക്സഭയിലെ പ്രതിഷേധം: ഒരാള്‍ കൂടി പിടിയില്‍, ആറാമനായി തിരച്ചില്‍; സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം

ലോക്സഭയിലെ പ്രതിഷേധം: ഒരാള്‍ കൂടി പിടിയില്‍, ആറാമനായി തിരച്ചില്‍; സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ലളിത് ഝാ എന്നയാളാണ് ഗുരുഗ്രാമില്‍ വെച്ച് പിടിലായതെന്നാണ് പ്രാഥമിക വിവരം. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. മറ്റൊരാള്‍ക്ക് കൂടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തി. തല്‍ക്കാലം പാര്‍ലമെന്റിലേക്ക് സന്ദര്‍ശക പാസ് അനുവദിക്കില്ല. എംപിമാര്‍ക്കും എംഎല്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം പ്രവേശനം ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച പ്രതികളില്‍ രണ്ടു പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ആയിട്ടില്ല. പിടിയിലായ നീലത്തിന്റെയും അമോല്‍ ഷിന്‍ഡെയും ഫോണുകളാണ് കണ്ടെത്താനുള്ളത്. ഇതിനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇവരുടെ തിരിച്ചറിയല്‍ രേഖകളും കണ്ടെത്താനായില്ല.


സംഭവത്തില്‍ നേരത്തെ പിടിയിലായ നീലം ആസാദ്, അമോല്‍ ഷിന്‍ഡെ, സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരെ ഭീകര വിരുദ്ധസേന അടക്കം ചോദ്യം ചെയ്തു വരികയാണ്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ഒരുമിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം.

ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ട് യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്.

ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്ത് മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ബി.ജെ.പിയുടെ മൈസൂരു കുടക് എംപി പ്രതാപ് സിംഹയുടെ ഓഫീസില്‍ നിന്ന് ലഭിച്ച പാസുകളാണ് സാഗറിന്റെയും മനോരഞ്ജന്റെയും കൈവശമുണ്ടായിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.