ലോക്‌സഭ സുരക്ഷാ വീഴ്ച: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി; അന്വേഷണത്തിന് വിദഗ്ധരടങ്ങിയ പ്രത്യേക സമിതി

ലോക്‌സഭ സുരക്ഷാ വീഴ്ച: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി; അന്വേഷണത്തിന് വിദഗ്ധരടങ്ങിയ പ്രത്യേക സമിതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകള്‍ എന്നിവയാണ് ഡല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം.

അനീഷ് ദയാല്‍ സിങിന്റെ കീഴില്‍ മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങളും വിദഗ്ധരുമടങ്ങിയ ഒരു അന്വേഷണ സമിതി രൂപീകരിച്ചു. പാര്‍ലമെന്റിന്റെ സുരക്ഷാ വീഴ്ചയുടെ കാരണങ്ങളെക്കുറിച്ച് ഈ കമ്മിറ്റി അന്വേഷിക്കുകയും വീഴ്ചകള്‍ കണ്ടെത്തുകയും തുടര്‍ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്യും.

പാര്‍ലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമിതി എത്രയും വേഗം സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തില്‍ നടന്ന സംഭവത്തില്‍ സുരക്ഷാ അവലോകനവും ഉന്നതതല അന്വേഷണവും ആവശ്യപ്പെട്ട് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് കത്തെഴുതി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തി വിടും. മാധ്യമ പ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് ജീവനക്കാര്‍ക്കും പ്രത്യേക ഗേറ്റ് ഒരുക്കാനും തീരുമാനമായി. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ സജ്ജമാക്കാനും സന്ദര്‍ശക പാസ് അനുവധിക്കുന്നതില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൂടാതെ വിമാനത്താവളങ്ങളില്‍ ഉള്ളതു പോലുള്ള ബോഡി സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനമായിട്ടുണ്ട്.

അതിനിടെ കേസിലെ പ്രതികള്‍ പരസ്പരം പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അഞ്ച് പേരെയും പല അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്‌നം, മണിപ്പൂര്‍ കലാപം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി.

പാര്‍ലമെന്റിനകത്ത് കയറി പ്രതിഷേധിച്ച സാഗര്‍ ശര്‍മ, മനോരഞ്ജന്‍, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം ആസാദ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയോടെ ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെയും പൊലീസ് പിടികൂടി. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച് താമസിച്ച് ഗൂഡാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.