ബെന്നി ബെഹ്നാന്‍, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ കേരള എംപിമാര്‍.
ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ലോക്‌സഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ 14 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍.
കേരളത്തില്‍ നിന്നുള്ള ആറ് എംപിമാരുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് നടപടി. ബെന്നി ബെഹ്നാന്‍, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍, കനിമൊഴി, ജ്യോതിമണി, മാണിക്കം ടാഗോര്‍, മുഹമ്മദ് ജാവേദ്, എസ്.ആര്‍. പാര്‍ഥിപന്‍, പി.ആര്‍ നടരാജന്‍, എസ്. വെങ്കിടേശന്‍, കെ. സുബ്രമണ്യം എന്നിവര്‍ക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്പെന്‍ഷന്‍. സമാനമായ രീതിയില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാവിലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അന്തസിന് ചേരാത്ത വിധം പ്രവര്‍ത്തിച്ച് സഭാ നടപടികള്‍ തടസപ്പെടുത്തിയതിനാണ് സസ്പെന്‍ഷന്‍. സുരക്ഷാ വീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉണ്ടായത്. ഉച്ചക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ചെയറിന് അടുത്ത് എത്തി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ താക്കീത് ഉണ്ടായിട്ടും അത് വകവെക്കാതെ മുദ്രാവാക്യം വിളി തുടരുകയും ചെയ്തു. സഭാ നടപടികള്‍ ഉച്ചക്ക് തുടങ്ങിയതോടെ ഇവര്‍ക്കെതിരായ അച്ചടക്ക നടപടിക്കുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയില്‍ വായിച്ചത്. അത് സഭ പാസാക്കുകയായിരുന്നു.
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ലോക്സഭയിലെ എട്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്റില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് നടപടി. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിറ്റ്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
അതേസമയം, പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. പ്രതികള്‍ പരിചയപ്പെട്ടത് ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിങ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയാണെന്നാണ് സൂചന. കേന്ദ്ര ര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.