തായ് വാന്‍ കമ്പനി കര്‍ണാടകത്തില്‍ 13,911 കോടി നിക്ഷേപമിറക്കും; 13,308 പേര്‍ക്ക് ജോലി: തമിഴ്നാട്ടില്‍ ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി; 50,000 പേര്‍ക്ക് തൊഴില്‍

തായ് വാന്‍ കമ്പനി കര്‍ണാടകത്തില്‍ 13,911 കോടി നിക്ഷേപമിറക്കും; 13,308 പേര്‍ക്ക് ജോലി: തമിഴ്നാട്ടില്‍ ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി; 50,000 പേര്‍ക്ക് തൊഴില്‍

ബംഗളുരു/ചെന്നൈ: തായ് വാന്‍ ആസ്ഥാനമായ ഐഫോണ്‍ നിര്‍മാണ കമ്പനി കര്‍ണാടകയില്‍ 13,911 കോടി രൂപയുടെ നിക്ഷേപമിറക്കുന്നു. ഫോക്സ്‌കോണാണ് ഈ തുക വിനിയോഗിക്കുക.

മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ ഹൈ ലവല്‍ ക്ലിയറന്‍സ് കമ്മിറ്റി നിക്ഷേപത്തിന് അനുമതി നല്‍കി. മുന്‍പ് ധാരണയായ 8,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേയാണിത്. 34,115 കോടി രൂപയുടെ 14 പദ്ധതികളാണ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകരിച്ചത്.

13,308 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ജെഎസ്ഡബ്ല്യു റിന്യൂ എനര്‍ജി ഫോര്‍ ലിമിറ്റഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്, ട്രില്‍ ബെംഗളൂരു റിയല്‍ എസ്റ്റേറ്റ് സിക്സ് ലിമിറ്റഡ്, ജാന്‍കി കോര്‍പ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പദ്ധതികള്‍ അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം ടാറ്റ ഗ്രൂപ്പിന്റെ ഐ ഫോണ്‍ നിര്‍മാണത്തിനായി തമിഴ്നാട്ടിലെ ഹൊസൂരില്‍ 20 അസംബ്ലി ലൈനുകളോടുകൂടിയ വമ്പന്‍ ഫാക്ടറിയാണ് ഒരുങ്ങുന്നത്. ഒന്നര വര്‍ഷത്തിനകം ഉല്‍പാദനം തുടങ്ങാനാണ് നീക്കം. അടുത്ത രണ്ട് വര്‍ഷംകൊണ്ട് പുതിയ 50,000 ജീവനക്കാരെ നിയമിക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യയില്‍ ഉല്‍പാദനം ത്വരിതപ്പെടുത്താനുള്ള ആപ്പിളിന്റെ പദ്ധതിയുടെ ഭാഗമായാണിത്. ചൈനയ്ക്ക് പുറമേ ഇന്ത്യ, തായ്ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉല്‍പാദന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വര്‍ഷം അഞ്ച് കോടി ഐഫോണുകള്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അടുത്തിടെ കര്‍ണാടകത്തിലെ വിസ്ട്രോണിന്റെ ആപ്പിള്‍ നിര്‍മാണ യൂണിറ്റ് ടാറ്റ ഏറ്റെടുത്തിരുന്നു. ഇതില്‍ 10,000 പേരാണ് ജോലി ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ഫാക്ടറി വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ എല്ലാ തെറ്റിച്ചാണ് തമിഴ്‌നാട് ഈ നേട്ടം സ്വന്തമാക്കിയത്.

2025 ഓടെ ആഗോള ഐഫോണ്‍ ഉല്‍പാദനത്തിന്റെ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് ആപ്പിള്‍ കമ്പനിയും അറിയിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിസ്ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തത്. 2024 അവസാനത്തോടെ തമിഴ്നാട്ടിലെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 75-80 ശതമാനം വിഹിതമുള്ള ഫോക്സ്‌കോണുമായി മത്സരിക്കാന്‍ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ 17 പൂര്‍ണമായും നിര്‍മിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.