ടെന്നെസിയില്‍ എലമെന്ററി സ്‌കൂളില്‍ ആഫ്റ്റര്‍ സ്‌കൂള്‍ ക്ലബ് തുടങ്ങാന്‍ സാത്താന്‍ സേവകര്‍; തടയാനാകാതെ സ്‌കൂള്‍ അധികൃതരും ജില്ലാ ഭരണകൂടവും

ടെന്നെസിയില്‍ എലമെന്ററി സ്‌കൂളില്‍ ആഫ്റ്റര്‍ സ്‌കൂള്‍ ക്ലബ് തുടങ്ങാന്‍ സാത്താന്‍ സേവകര്‍; തടയാനാകാതെ സ്‌കൂള്‍ അധികൃതരും ജില്ലാ ഭരണകൂടവും

ടെന്നെസി: എലമെന്ററി സ്‌കൂളില്‍ സ്‌കൂള്‍ സമയത്തിന് ശേഷം പ്രവര്‍ത്തിക്കുന്ന ക്ലബ് തുടങ്ങാനൊരുങ്ങി സാത്താന്‍ സേവകരുടെ സംഘടനയായ ദ സാത്തനിക് ടെമ്പിള്‍. ടെന്നെസിയിലെ ചിംനിറോക്ക് എലമെന്ററി സ്‌കൂളിലാണ് ക്ലബ് ക്ലബ് തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നത്.

സ്‌കൂളിനുള്ളില്‍ ഇത്തരമൊരു ക്ലബ് തുടങ്ങുന്നതിന് സ്‌കൂള്‍ അധികൃതരുടെയോ ജില്ലാധികാരികളുടെയോ അനുമതിയില്ല. എന്നാല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന നിമയമനുസരിച്ച് ക്ലബ് തുടങ്ങുന്നതു തടയാന്‍ നിയമപരമായി സാധിക്കില്ല. ഇതാണ് ജില്ലാധികാരികളെയും സ്‌കൂള്‍ അധികൃതരെയും കുഴയ്ക്കുന്നത്.

നിലവില്‍ ടെന്നെസിക്കു പുറമെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ സാത്താന്‍ സംഘടന ശക്തമാണ്. അവരുടെ കീഴില്‍ നിരവധി സ്‌കൂളുകളില്‍ ഇത്തരം സംഘടനകളും പ്രവര്‍ത്തിക്കുന്നു.

അവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലെത്തുന്ന ജനുവരി പത്തിന് സംഘടന തുടങ്ങാനാണ് തീരുമാനം. ഇത് തികച്ചും ദൗര്‍ഭാഗ്യകരമെന്ന് മെംഫിസ് ഷെല്‍ബി കൗണ്ടി സ്‌കൂളുകളുടെ ഇന്റരിം സൂപ്രണ്ട് ടോണി വില്യംസ് പ്രതികരിച്ചു. അതേ സമയം, ഇത് തടയാന്‍ തനിക്ക് സാധിക്കില്ലെന്നും ടോണി വ്യക്തമാക്കി.

സാത്താന്‍ സേവകരുടെ പ്രവര്‍ത്തനങ്ങളെ താന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞ ടോണി സംഭവത്തില്‍ തനിക്ക് പക്ഷേ നിയമപരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

ചില കുട്ടികളുടെ മാതാപിതാക്കള്‍ താല്‍പര്യം കാണിച്ചത് അനുസരിച്ചാണ് പുതിയ ക്ലബ് സ്‌കൂളില്‍ തുടങ്ങുന്നത്. സ്‌കൂളിലെ ലൈബ്രറിയില്‍ ഇത് നടക്കുമെന്നും എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ പിന്തുണയോടെയല്ല ഇത് നടക്കുന്നതെന്നും ക്യാമ്പെയ്ന്‍ ഡയറക്ടര്‍ ജൂണ്‍ എവെറെറ്റ് വെളിപ്പെടുത്തി.

വിവിധ ശാസ്ത്ര പദ്ധതികള്‍, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, കടങ്കഥകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. താല്‍പര്യമനുസരിച്ച് മാത്രം വിദ്യാര്‍ഥികള്‍ക്ക് ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്താല്‍ മതിയാകും. പങ്കെടുക്കുന്നത് നിര്‍ബന്ധിതമല്ല.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ക്ലബ് രൂപീകരണം തടയുന്നതിനുള്ള ശ്രമം തുടരുമെന്ന് സ്‌കൂള്‍ ബോര്‍ഡ് മെമ്പറായ മൗറീഷ്യോ കല്‍വോ വെളിപ്പെടുത്തി. ഇതിന് സാധിക്കാത്ത പക്ഷം ഓരോ സ്‌കൂള്‍ വിദ്യാര്‍ഥിയും സുരക്ഷിതരാണെന്ന്  ഉറപ്പുവരുത്തുമെന്നും മൗറീഷ്യോ ചൂണ്ടിക്കാട്ടി.

തങ്ങളുടെ കുട്ടികള്‍ ഇത്തരക്കാരുടെ കൂടെ ഇടപഴകുന്നത് തങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്ന് ചില മാതാപിതാക്കളും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു ശ്രമം ഏതുവിധേനയും തടയുന്നതിന് ശ്രമിക്കുമെന്ന് സ്‌കൂള്‍ അധികൃതരും പറയുന്നു.

ദൈവമില്ലെന്ന് വിശ്വസിക്കുന്നവരുടെ സംഘടനയാണ് സാത്താനിക് ടെമ്പിള്‍ എന്ന സാത്താന്‍ സേവക്കാര്‍. മനുഷ്യമനസും ആത്മാവുമാണ് എല്ലാത്തിനും പിന്നിലെ ശക്തിയെന്ന് ഇക്കൂട്ടര്‍ വ്യര്‍ഥമായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും മതത്തിലോ ദൈവത്തിലോ വിശ്വസിക്കാത്ത ഇവര്‍ കുട്ടികളില്‍ ദൈവഭയവും ദൈവവിശ്വാസവും ഇല്ലാതാക്കുന്നു.

ക്ലാസ് സമയം കഴിഞ്ഞാല്‍ മറ്റ് സര്‍ക്കാരിതര സംഘടനകള്‍ക്കായി സ്‌കൂള്‍ തുറന്നു കൊടുക്കാറുണ്ട്. ഈ നിയമത്തിന്റെ മറവിലാണ് സാത്താന്‍ സേവക്കാരുടെ സംഘടനയും സ്‌കൂളില്‍ ക്ലബ് സ്ഥാപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.