ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയായി അഞ്ചു വയസുകാരി അൽഫായ്

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയായി അഞ്ചു വയസുകാരി അൽഫായ്

അബുദാബി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയെന്ന അപൂർവ നേട്ടം സ്വന്തമാക്കി അബുദാബി സ്വദേശിയായ കൊച്ചു മിടുക്കി അൽഫായ് അൽ മർസൂഖി. കുരുന്നുകൾക്കിടയിലെ സൗഹൃദത്തിന്റെ കഥപറയുന്ന 'ലോസ്റ്റ് റാബിറ്റ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചാണ് അൽഫായ് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹയായത്. അൽഫായ് ജനിച്ച അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന വ്യത്യസ്തമായ ചടങ്ങിൽ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അൽഫായുടെ കഥയിലെ കഥാപാത്രങ്ങളും അവളുടെ സുഹൃത്തുക്കളും ഡോക്ടർമാരും പങ്കെടുത്ത ചടങ്ങിൽ ഗിന്നസ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് അവൾക്ക് സമ്മാനിച്ചു. അനുകമ്പ, സൗഹൃദം, മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവയെ അടിസ്ഥാനമാക്കിയാണ് അൽഫായുടെ പുസ്തകം. അൽഫായ്, സുഹൃത്ത് സൽമ, കാണാതായ മുയൽ ഫുഫു എന്നീ കഥാപാത്രങ്ങളുള്ള പുസ്തകം വായനക്കാരെ ഹൃദയസ്പർശിയായ യാത്രയിലേക്കാണ് നയിക്കുന്നത്.

പുസ്തകം രചിച്ച അൽഫായ് തന്നെ ചിത്രങ്ങളും വരച്ചു. ഇതിനകം വിവിധ പുസ്തകമേളകളിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ച അൽഫായുടെ ആഗോളതലത്തിലെ നേട്ടം ആഘോഷിക്കാൻ പ്രമുഖ എമിറാത്തി എഴുത്തുകാരും സാംസ്കാരിക നായകരും ബുർജീൽ ആശുപത്രിയിൽ എത്തി.

പ്രശസ്‌ത എമിറാത്തി എഴുത്തുകാരി മറിയം നാസർ, എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ് ഭാരവാഹികൾ, ബുർജീൽ ഹോൾഡിങ്‌സ് ബോർഡ് മെമ്പർ ഒമ്രാൻ അൽഖൂരി എന്നിവർ ചടങ്ങിൽ അൽഫായ്ക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ചടങ്ങിൽ കുട്ടികൾക്കായി 'ലോസ്റ്റ് റാബിറ്റ്' പുസ്തകം വായിച്ച അൽഫായ് താൻ ഒപ്പുവച്ച കോപ്പികൾ അവർക്ക് സമ്മാനിച്ചു. ചെറുപ്പത്തിൽ തന്നെ എഴുത്തിലൂടെ അപൂർവ നേട്ടം സ്വന്തമാക്കിയ അൽഫായ്ക്ക് എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ആജീവനാന്ത അംഗത്വം പ്രഖ്യാപിച്ചു.

ബുർജീൽ ആശുപത്രിയുടെ സഹായത്തോടെയാണ് അൽഫായുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചതും ഗിന്നസ് നേട്ടത്തിനായി സമർപ്പിച്ചതും. അൽഫായിയുടെ നേട്ടത്തിൽ മാതാപിതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഭാവിയിൽ ഫാഷൻ ഡിസൈനറാവാൻ ലക്ഷ്യമിടുന്ന അൽഫായ് പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.