ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമം: വനിതാ ജഡ്ജിയുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

 ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമം: വനിതാ ജഡ്ജിയുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ലക്‌നൗ: ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന വനിതാ ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. ബന്ദ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി.

ഇതേ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയോട് സംഭവത്തെപ്പറ്റി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. പ്രവര്‍ത്തന മേഖലയില്‍ താന്‍ നേരിടുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഏറെ വേദനയും നിരാശയുമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും സൂചിപ്പിക്കുന്നു.

2022 ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ നാളിതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത ജഡ്ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് കത്തെഴുതിയത്. ജില്ലാ ജഡ്ജിയില്‍ നിന്ന് നേരിട്ട ലൈംഗികാധിക്ഷേപത്തെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു.

സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയാണ് താന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. എന്നാല്‍ നീതിക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയാണ് തനിക്കെന്നും ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടെന്നും കത്തില്‍ പറയുന്നു. ലൈംഗിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും ജഡ്ജി കത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങള്‍ സഹിച്ച് ജീവിക്കാന്‍ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും ജഡ്ജി പറഞ്ഞു. ലൈംഗികാതിക്രമ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാല്‍ 2023 ജൂലൈയില്‍ വനിത ജഡ്ജി ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ ആറ് മാസമെടുത്തു.

ഇപ്പോഴത്തെ അന്വേഷണം പ്രഹസനവും കപടവുമാണെന്നും കത്തില്‍ പറയുന്നു. അതിക്രമം നടത്തിയ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികള്‍. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികള്‍ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞതായും വനിത ജഡ്ജി ആരോപിക്കുന്നു.

താന്‍ നിരാശയായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് നീതി നല്‍കും. തനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. നിര്‍ജീവമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും കത്തില്‍ ജഡ്ജി പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.