ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം കുറഞ്ഞത് രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നുവെന്ന് എക്യുമെനിക്കല്‍ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം വ്യക്തമാക്കുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
2014 മുതല്‍ നമ്മുടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചു. വേള്‍ഡ് വാച്ചിന്റെ ഓപ്പണ്‍ ഡോര്‍സ്, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ഏറ്റവും മോശമായ പതിനൊന്നാമത്തെ രാജ്യമായി ഇന്ത്യയെ വിലയിരുത്തുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം നവംബര്‍ വരെ 23 സംസ്ഥാനങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്കെതിരായ 687 അക്രമസംഭവങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. 2014-ല്‍ 147, 2015 -ല്‍ 177, 2016-ല്‍ 208, 2017-ല്‍ 240, 2018 -ല്‍ 292, 2019 -ല്‍ 328, 2020 -ല്‍ 279, 2021 -ല്‍ 279, 2022 -ല്‍ 505, എന്നിങ്ങനെയാണ് ലഭിച്ചിരിക്കുന്ന കണക്ക്.
ഈ വര്‍ഷത്തെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളില്‍ 531 എണ്ണം നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. 287 അക്രമ സംഭവങ്ങള്‍ ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡില്‍ 148, ജാര്‍ഖണ്ഡ് 49, ഹരിയാന 47 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.
അതേസമയം മധ്യപ്രദേശില്‍ 35, കര്‍ണാടകയില്‍ 21, പഞ്ചാബില്‍ 18, ബിഹാറില്‍ 14, ഗുജറാത്ത്, തമിഴ്‌നാട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ എട്ട് വീതവും രാജസ്ഥാനിലും ഒഡീഷയിലും ഏഴ് വിതവും ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ആറ് വീതവുമാണ് അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ രണ്ട്, ആന്ധ്രാപ്രദേശ്, ഗോവ, ചണ്ഡീഗഡ്, ദാമന്‍-ദിയു എന്നിവിടങ്ങളില്‍ ഒന്ന് വീതവും അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയില്‍ ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ സംഭവങ്ങളിലും മത തീവ്രവാദികള്‍ ഉള്‍പ്പെടുന്ന ജനക്കൂട്ടം ഒന്നുകില്‍ പ്രാര്‍ഥനാ സമ്മേളനത്തില്‍ കയറുകയോ, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അവര്‍ വിശ്വസിക്കുന്ന വ്യക്തികളെ വളഞ്ഞിട്ട് ആക്രമിക്കുകയോ ചെയ്യുന്നതായിട്ടാണ് കണ്ടിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പിടിക്കപ്പെടുന്നവരെ പൊലീസിന് കൈമാറുന്നതിന് മുമ്പ് ജനക്കൂട്ടം ഭീഷണിപ്പെടുത്തുകയോ, ശാരീരികമായി ആക്രമിക്കുകയോ ചെയ്യുന്നതും പതിവാണ്.
പലപ്പോഴും പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറത്ത് ഇവര്‍ വര്‍ഗീയ മുദ്രാവാക്യം വിളിക്കാറുണ്ട്. അവിടെ പൊലീസ് നിശബ്ദ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നും ഫോറം പ്രസ്താവന വെളിപ്പെടുത്തുന്നു. 2022 ല്‍ ഛത്തീസ്ഗഡില്‍ 1000 ത്തിലധികം ആദിവാസി ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെട്ടു. 175 പേര്‍ കൊല്ലപ്പെടുകയും 1000 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരില്‍ ഏറ്റവും വലിയ അക്രമമാണ് ഈ വര്‍ഷം നടന്നത്. 5000 ലധികം തീവപ്പ് കേസുകളിലായി 254 പള്ളികള്‍ അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.