മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി കോടതിയില്‍ ഹാജരാക്കി മടങ്ങവേ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി കോടതിയില്‍ ഹാജരാക്കി മടങ്ങവേ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു


കൊല്ലം: മാവേലിക്കരയില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി കോടതിയില്‍ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് കൊണ്ടു പോകവെ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു.

മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി ഇന്ന് ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയില്‍ വെച്ചാണ് പ്രതി ട്രെയിനില്‍ നിന്ന് ചാടിയത്.

2023 ജൂണ്‍ ഏഴിന് വൈകിട്ട് ഏഴരയോടെയാണ് ഇയാള്‍ സ്വന്തം മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയേയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്രീമഹേഷ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. നേരത്തേ മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് ഒന്നര വര്‍ഷം മുന്‍പ് ഇയാളുടെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിന് ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറുമായി ശ്രീമഹേഷിന് വിവാഹാലോചന നടത്തിയിരുന്നെങ്കിലും മഹേഷിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു.

മകളുള്ളതിനാലാണ് പുനര്‍വിവാഹം നടക്കാത്തതെന്ന ചിന്തയാണ്  കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ശ്രീമഹേഷിന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.