കമല്‍ നാഥ് തെറിച്ചു; ജിത്തു പട്‌വാരി പിസിസി അധ്യക്ഷന്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഴിച്ചു പണി

കമല്‍ നാഥ് തെറിച്ചു; ജിത്തു പട്‌വാരി പിസിസി അധ്യക്ഷന്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഴിച്ചു പണി

ഭോപ്പാല്‍: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന കമല്‍ നാഥിനെ മാറ്റി. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത് കൂടാതെ പ്രതിപക്ഷ നേതൃ സ്ഥാനവും കമല്‍ നാഥിന് നല്‍കിയില്ല.

ജിത്തു പട്‌വാരിയാണ് പുതിയ പിസിസി അധ്യക്ഷന്‍. പ്രതിപക്ഷ നേതാവായി ഉമങ് സിംഘറിനെയും തിരഞ്ഞെടുത്തു.ഹേമന്ദ് കടാരെയാകും മധ്യപ്രദേശിലെ നിയമസഭാ കക്ഷി ഉപനേതാവ്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസിലെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കിയത്. നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ തന്നെ കമല്‍ നാഥിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെയും ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. 49 കാരനായ ജിത്തു പട്വാരി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായിരുന്നു.

കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, യുവജന, കായിക മന്ത്രിയായി പ്രവര്‍ത്തിച്ചു. 2018 ല്‍ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചപ്പോള്‍ പട്വാരി വര്‍ക്കിങ് പ്രസിഡന്റായി. 2020 ഏപ്രിലില്‍ അദേഹത്തെ കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് മീഡിയ സെല്ലിന്റെ ചെയര്‍പേഴ്സണായി കമല്‍ നാഥ് നിയമിച്ചിരുന്നു.

ഇത്തവണ ആകെയുള്ള 230 സീറ്റില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തിയത്. ഭരണം നേടാമെന്ന ഉറച്ച വിശ്വാസത്തോടെ മത്സരിച്ച കോണ്‍ഗ്രസ് 66 സീറ്റില്‍ ഒതുങ്ങി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ജിത്തു പട്വാരിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.

അതേസമയം ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് ദീപക് ബൈജ് തുടരും. രണ്‍ദാസ് മഹന്തിനെ ഛത്തീസ്ഗഢ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായും നിയമിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.