കാലുകൾ കൈകളാക്കിയ ജിലുമോൾ മരിയറ്റ് തോമസ്; നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം

കാലുകൾ കൈകളാക്കിയ ജിലുമോൾ മരിയറ്റ് തോമസ്; നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം

' എനിക്ക് കൈകളില്ലെങ്കിൽ ഒന്നും സംഭവിക്കില്ല, കരുത്തായി കാലുകളുണ്ടല്ലോ, ഞാൻ സ്വപ്നങ്ങളിലേക്ക് ഈ കാലുകളിലൂന്നി കുതിക്കും' ആത്മ വിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയ ജിലു തോമസിന്റെ കരുത്തുറ്റ വാക്കുകളാണിത്. കഠിന പരീക്ഷണങ്ങളും പോരാട്ടങ്ങളും നിയമ യുദ്ധവും തരണം ചെയ്താണ് ജിലുമോൾ എന്ന 32കാരി തന്റെ ജീവിത വിജയത്തിലേക്ക് പടിപടിയായി ചുവടുവെക്കുന്നത്. ഭിന്നശേഷി ദിനത്തിൽ ലൈസൻസ് സ്വന്തമാക്കിയ കൈകളില്ലാത്ത മാലാഖ ഇപ്പോൾ കേരളത്തിന്റെ അഭിമാനമാണ്.

ഇടുക്കി തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് പരേതരായ എൻ.വി. തോമസ് - അന്നക്കുട്ടി ദമ്പതിമാരുടെ മൂന്ന് പെൺകുട്ടികളിൽ ഇളയവളാണ് ജിലു മോൾ. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ജിലു മോൾക്ക് അച്ഛനെ നഷ്ടമായത് അടുത്തിടെയാണ്.

ജനന സമയത്തു തന്നെ തോൾ ഭാഗത്തു വച്ച് കൈകളുടെ വളർച്ച മുരടിച്ച അവസ്ഥയിലായിരുന്നു. ആദ്യം കണ്ടവരെല്ലാം ജിലുമോളെ സഹതാപത്തോടെ നോക്കി. പ്രസവമെടുത്ത ഡോക്ടർ ആഗ്നസ് കുഞ്ഞിനെ എനിക്കു തരിക, അവളെ ഞാൻ വളർത്തിക്കോളാം എന്ന് പറഞ്ഞപ്പോൾ വേണ്ട താൻ വളർത്തിക്കോളാം എന്നായിരുന്നു തോമസിന്റെ മറുപടി.

ജിലു മോൾക്ക് നാലര വയസുള്ളപ്പോളാണ് അമ്മ അന്നകുട്ടി കാൻസർ ബാധിച്ച് മരണപ്പെടുന്നത്. ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചങ്ങനാശേരി ചെത്തിപ്പുഴ മേഴ്സി ഹോമിലെ അഗതികളുടെ സഹോദരിമാരായ കന്യാസ്ത്രീകളുടെ അടുത്ത് ജിലു മോളെ ആക്കി.

ചങ്ങനാശേരി ചെത്തിപ്പുഴ മേഴ്സി ഹോമിലെ സിസ്റ്റർമാരാണ് ജിലു മോളെ അക്ഷരത്തിന്റെ ലോകത്തിലേക്ക് നയിച്ചത്. കാലുകൾ കൈകളാക്കണം എന്ന ഉപദേശമാണ് സിസ്റ്റർ മരിയല്ല നൽകിയത്. വലതു കാൽ വിരലുകൾക്കിടയിൽ കല്ലു പെൻസിൽ തിരുകി വച്ച് ആദ്യാക്ഷരം കുറിച്ചത് അത്ഭുതമായിരുന്നു.

കാൽ വിരലിൽ കല്ലു പെൻസിൽ മുറുകെ പിടിച്ച് ചിത്രങ്ങൾ വരക്കാൻ ചെറുപ്പത്തിലെ പരിശീലിച്ചു. ഓരോ പ്രായക്കാരെയും മുന്നോട്ടുള്ള ജീവിതത്തിനു ഉതകുന്ന കാര്യങ്ങളാണ് മേഴ്സി ഹോമിൽ പരിശീലിപ്പിക്കുന്നത്. കാൽ വിരലുകൾക്കിടയിൽ ബ്രഷ് പിടിച്ച് പെയിന്റു മുക്കി വരച്ചപ്പോൾ ആദ്യമൊന്നും ശരിയായതേയില്ല. പതിയെ പതിയെ വരയുടെ ലോകത്തേക്ക് എത്തി.

ഇൻറർനാഷണൽ മൗത്ത് ആൻഡ് ഫുട്ട് പെയിൻറിംഗ് അസോസിയേഷനിൽ അംഗത്വമുണ്ട്. അതിൻറെ ഭാഗമായി ഗോവയിലും ബാംഗ്ലൂരിലും ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. സ്വന്തമായ ഒരു എക്സിബിഷൻ എറണാകുളം, വളഞ്ഞമ്പലത്തുള്ള “എൻറെ ഭൂമി” ആർട് ഗ്യാലറിയിൽ നടത്തി. കൊച്ചി ബിനാലെയിലും പങ്കെടുത്തു. വലിയ ആസ്വാദക ശ്രദ്ധ നേടിയവയാണ് ജിലുവിൻറെ രചനകൾ.

ഒന്ന് മുതൽ നാലു വരെ പാറേൽ ജെഎം എൽപിഎസിലും പ്ലസ്ടു വരെ വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിലുമാണ് പഠിച്ചത്. കാലുകൾ കൊണ്ട് എഴുതാനും ഭക്ഷണം കഴിക്കാനും മുടി ചീകാനും ഒരുങ്ങാനുമുള്ള വിദ്യകൾ പഠിപ്പിച്ചത് മേഴ്സി ഹോമിലെ സിസ്റ്റർമാരാണ്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കംപ്യൂട്ടർ മൗസിൽ ആദ്യമായി ക്ലിക് ചെയ്തത്. മറ്റുള്ളവരെക്കാളും വേഗത്തിൽ കംപ്യൂട്ടർ പഠിക്കാൻ ജിലുവിന് സാധിച്ചു. ടീച്ചർ വൈകിയെത്തുമ്പോൾ മറ്റ് കുട്ടികൾക്ക് ക്ലാസെടുക്കുന്നതും ജിലുമോളായിരുന്നു.

പ്ലസ്ടുവും എസ്എസ്എൽസിയും മികച്ച മാർക്കോടെ പാസായി. സോഫ്റ്റ്‌വെയർ എൻജിനീയർ ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പരിമിതികൾ വച്ച് അതു നടക്കില്ലെന്ന് തിരിച്ചറിഞ്ഞു. ആഗ്രഹങ്ങളിൽ നിന്ന് മനസ് മടുപ്പിച്ച് പിന്തിരിപ്പിക്കാനും കുറേ പേർ ഉണ്ടായിരുന്നു. അതൊന്നും മൈൻഡ് ചെയ്തില്ല.

തുടർന്ന് ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസിൽ നിന്ന് ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ് ഉയർന്ന മാർക്കോടെ വിജയിച്ചു. കുറച്ച് നാൾ തൊടുപുഴയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു. പിന്നീട് അവിടെ നിന്നു മാറി. കൊച്ചിയിൽ ഒരു സ്ഥാപനത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. കീ ബോർഡിന്റെ സ്റ്റാൻഡ് കാൽമുട്ടിന്റെ ലെവലിൽ വച്ച് പ്രത്യേകം സീറ്റൊക്കെ ഒരുക്കിയാണ് ജോലി. ആരുടെയും മുന്നിൽ കൈകൂപ്പാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കുക എന്നതാണ് ജിലു മോളുടെ പോളിസി.

കാർ ഓടിക്കണം എന്നതായിരുന്നു ഏറ്റവും വലിയ മോഹം. വടുതലയിലെ മരിയ ഡ്രൈവിങ് സ്‌കൂളിലെ ജോപ്പന് കീഴിൽ ഡ്രൈവിങ് പഠിച്ച് തൊടുപുഴ ആർ.ടി.ഒ. ഓഫീസിലെത്തിയെങ്കിലും ലൈസൻസ് ലഭിച്ചില്ല. തോറ്റു പിൻമാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങൾ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പിൽ ഈ വിഷയം എത്തിച്ചു.

അങ്ങനെ പല കടമ്പകൾ കടന്ന് വാഹനത്തിന് രൂപമാറ്റം വരുത്തിയാണ് ലൈസൻസ് സ്വന്തമാക്കുന്നത്. വാഹനത്തിന്റെ മേജർ കൺട്രോളുകൾ നേരിട്ടും, മൈനർ കൺട്രോളുകൾ വോയ്‌സ് റെക്കഗ്നൈസേഷന്‍ മോഡ് വഴിയും ജിലു മോൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. ഇരുകൈകളും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് നമ്മുടെ രാജ്യത്ത് ഒരു പക്ഷെ ഏഷ്യയിലെ തന്നെ ആദ്യ സംഭവമായിരിക്കും.

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് പാടിയ കവി കുഞ്ഞുണ്ണി മാഷിനെപ്പോലെ ജിലുമോളും പാടുന്നുണ്ടാവും കൈകളില്ലാത്തതാനെന്റെ അഭിമാനമെന്ന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.