ഉറച്ച നിലപാടുകളും ആത്മാർഥതയുള്ള പെരുമാറ്റവും സ്വായത്തമാക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

ഉറച്ച നിലപാടുകളും ആത്മാർഥതയുള്ള പെരുമാറ്റവും സ്വായത്തമാക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: ദൈവാരാധനയിലൂടെയും പരസേവനത്തിലൂടെയും ക്രിസ്തുവിന്റെ പ്രകാശം ചുറ്റും പ്രസരിപ്പിക്കുവാനാണ് നാം ഏവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ. വീണ്ടെടുക്കുന്നവനും വിടുതൽ നൽകുന്നവനും സൗഖ്യദായകനും പ്രകാശിപ്പിക്കുന്നവനുമായ ക്രിസ്തുവിന് സ്നാപകയോഹന്നാൻ എപ്രകാരമാണ് സാക്ഷ്യം വഹിച്ചതെന്ന് പരിശുദ്ധ പിതാവ് ഞായറാഴ്ച സന്ദേശത്തിൽ വിശദീകരിച്ചു. സ്നാപകന്റെ മാതൃക അനുകരിച്ച് ഉറച്ച നിലപാടുകളും ആത്മാർത്ഥതയോടെയുള്ള പെരുമാറ്റവും സ്വായത്തമാക്കാനും പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാലജപ പ്രാർത്ഥനയ്ക്കായി എത്തിച്ചേർന്നവരെ അഭിസംബോധന ചെയ്ത് സുവിശേഷ വിചിന്തനങ്ങൾ നൽകുകയായിരുന്നു പാപ്പ. ദൈവത്താൽ അയക്കപ്പെട്ട സ്നാപകയോഹന്നാൻ യേശുവിന് നൽകിയ സാക്ഷ്യത്തെക്കുറിച്ചായിരുന്നു ആഗമനകാലം മൂന്നാം ഞായറാഴ്ചത്തെ സുവിശേഷ വായന. (യോഹന്നാൻ 1: 19-28)

തുറന്ന ഭാഷയും ആത്മാർത്ഥമായ പെരുമാറ്റവും താപസ ജീവിതവുമായിരുന്നു യോഹന്നാന്റെ സാക്ഷ്യത്തിന്റെ മുഖമുദ്രയെന്ന് പാപ്പ പറഞ്ഞു. 'വെളിച്ചത്തിന് സാക്ഷ്യം വഹിക്കുക' എന്നതിന്റെ അർത്ഥം മാർപാപ്പ തന്റെ സന്ദേശത്തിൽ വിശദീകരിച്ചു.

ബാഹ്യരൂപത്തേക്കാളുപരി ആന്തരിക

ഉറച്ച നിലപാടുകളും ആത്മാർത്ഥതയോടെയുള്ള പെരുമാറ്റവുമാണ്, യോഹന്നാന്റെ അടുത്തേക്ക് ആളുകൾ ഓടിക്കൂടാനിടയാക്കിയത്. സ്വന്തം പ്രതിച്ഛായയിൽ മാത്രം ശ്രദ്ധിച്ചിരുന്ന അക്കാലത്തെ പ്രശസ്തരും ശക്തരുമായ നേതാക്കളിൽ നിന്ന് യോഹന്നാനെ വ്യത്യസ്തനാക്കിയത് ഇതാണ്. ആധികാരികതയുള്ളതും സ്വതന്ത്രവും ധീരവുമായ അദ്ദേഹത്തിന്റെ ഇച്ഛാശക്തി, തങ്ങളെത്തന്നെ മെച്ചപ്പെടുത്താനും അങ്ങനെ ഉത്തമജീവിത മാതൃകകളാകാനും അനേകർക്ക് പ്രചോദനമേകി.

'കാലാകാലങ്ങളിൽ യോഹന്നാനെപ്പോലുള്ള സ്ത്രീപുരുഷന്മാരെ കർത്താവ് അയക്കാറുണ്ട്. എന്നാൽ, അവരെ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നുണ്ടോ? അവർ നൽകുന്ന സാക്ഷ്യം നാം മനസ്സിലാക്കാറുണ്ടോ? നമുക്കു മുമ്പിൽ അവർ വയ്ക്കുന്ന വെല്ലുവിളികൾ നാം ഏറ്റെടുക്കാറുണ്ടോ?' - പരിശുദ്ധ പിതാവ് ചോദിച്ചു.

പ്രകാശമായ ക്രിസ്തു

ക്രിസ്തുവിന്റെ പ്രകാശത്തിന് സാക്ഷ്യം നൽകിയപ്പോഴാണ് യോഹന്നാന്റെ ജീവിതം കത്തിജ്വലിച്ചത്. ലോകത്തിലേക്ക് വരുന്ന യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടായും രക്ഷകനായ ദൈവമായും സ്നാപകൻ ചൂണ്ടിക്കാട്ടി. താൻ മിശിഹായല്ല, വെളിച്ചവുമല്ല, എന്നാൽ തന്റെ സഹോദരീസഹോദരന്മാരെ വചനത്തിലേക്ക് ആനയിക്കുന്ന 'സ്വരം' മാത്രമാണ് താനെന്നാണ് യോഹന്നാൻ തന്നെക്കുറിച്ചുതന്നെ പറഞ്ഞത്. 'അതെ, അവൻ ഒരു വിളക്കായിരുന്നു. എന്നാൽ, ആ വിളക്കിന്റെ പ്രകാശം ക്രിസ്തുവാണ്. വീണ്ടെടുക്കുന്നവനും വിടുതൽ നൽകുന്നവനും സൗഖ്യദായകനും പ്രകാശിപ്പിക്കുന്നവനും ക്രിസ്തു മാത്രമാണ്' - പാപ്പാ പറഞ്ഞു.

ദൈവത്തിൽ മാത്രം

ദൈവത്തിൽ മാത്രമാണ് ജീവന്റെ പ്രകാശം നാം കണ്ടെത്തുന്നതെന്ന് സ്നാപകയോഹന്നാന്റെ സാക്ഷ്യം നമുക്കു കാണിച്ചുതരുന്നു. ദൈവകൃപയാൽ മറ്റുള്ളവർക്ക് നാം വിനയപൂർവ്വം ചെയ്യുന്ന സേവനവും നമ്മുടെ ജീവിതത്തിൻെറ ആർജ്ജവത്വവും, യേശുവിലേക്കുള്ള വഴി കണ്ടെത്താൻ അനേകരെ സഹായിക്കുന്ന വിളക്കുകളായി നമ്മെ രൂപാന്തരപ്പെടുത്തും.

ആഗതമാകുന്ന ഈ ക്രിസ്മസ് വേളയിലും അതിനുശേഷവും ക്രിസ്തുവിന്റെ പ്രകാശത്തിന് എങ്ങനെ സാക്ഷ്യം വഹിക്കാമെന്നുള്ളത് നാം സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തണമെന്ന് പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിന്റെ പ്രകാശം എല്ലായിടത്തും പ്രതിഫലിപ്പിക്കുന്നവരായിത്തീരാൻ പരിശുദ്ധിയുടെ നിർമ്മലദർപ്പണമായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.