ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡേറ്റ ബാങ്കില്‍ നിന്ന് ഡേറ്റ ചോര്‍ത്തിയ സംഭവത്തില്‍ നാല് പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിലാണ് 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന് ഡാര്‍ക്ക് വെബിലൂടെ പുറത്തു വന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റ ചോര്‍ച്ചയാണ് ഇതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. ഡല്‍ഹി പൊലീസിന്റെ സൈബര്‍ യൂണിറ്റ് സ്വമേധയ എടുത്ത കേസിലാണ് പ്രതികളെ പിടികൂടിയത്.
ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത സംഘം ഇത് ഡാര്‍ക് വെബില്‍ വില്‍പനയ്ക്ക് വച്ചതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ച്ച കണ്ടെത്തി രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവര്‍.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ (എഫ്ബിഐ) വിവരങ്ങളും പാകിസ്ഥാനില്‍ 'ആധാറി'ന് സമാനമായി ഉപയോഗിക്കുന്ന കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് (സിഎന്‍ഐസി) എന്നിവയുടെ വിവരങ്ങളും പ്രതികള്‍ ചോര്‍ത്തിയതായാണ് മൊഴി. ഡല്‍ഹി, യുപി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രതികളെല്ലാം മൂന്ന് വര്‍ഷം മുമ്പ് ഒരു ഗെയിമിങ് പ്ലാറ്റ്ഫോമില്‍ കണ്ടുമുട്ടി പിന്നീട് സൗഹൃദ ബന്ധത്തിലായവരാണ്. പെട്ടെന്ന് പണം സമ്പാദിക്കാന്‍ തീരുമാനിച്ചാണ് ഇവര്‍ കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഒക്ടോബര്‍ ഒന്‍പതിനാണ് 'പി ഡബ്ലിയൂ എന്‍ 0001' ഡേറ്റാ ചോര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ അമേരിക്കന്‍ ഏജന്‍സി സെക്യൂരിറ്റി വെളിപ്പെടുത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള ഒരു ലക്ഷം ഫയലുകളുണ്ടെന്നാണ് പറയുന്നത്.
സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് രണ്ട് മാസം മുന്‍പ് ഐസിഎംആര്‍ ഡേറ്റ ലംഘനത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.