പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം; ലോക്സഭയിലും രാജ്യസഭയിലുമായി 78 പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം; ലോക്സഭയിലും രാജ്യസഭയിലുമായി 78 പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എംപിമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. ലോക്സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. 33 എംപിമാരെ ലോക്സഭയിൽ നിന്നും 45 പേരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. ലോക്സഭ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി എം.പിമാർ സഭക്കകത്ത് പ്രതിഷേധിച്ചതിനാണ് നടപടി.

ലോക്സഭയിൽ നിന്ന് സസ്പെൻഷനിൽ ആയവരിൽ കേരളത്തിൽ നിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ഉൾ‌പ്പെടുന്നു.
ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ് വസന്ത് എന്നിവർക്ക് അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നതു വരെയും ബാക്കി 30 പേർക്ക് ഈ സമ്മേളന കാലാവധി വരെയുമാണ് സസ്പെൻഷൻ.

ലോക്സഭയിലെ നടപടിക്ക് പിന്നാലെയാണ് രാജ്യസഭയിലും സസ്പെൻഷനുണ്ടായത്.കെ.സി വേണുഗോപാൽ, വി. ശിവദാസൻ, ജെബി മേത്തർ, ബിനോയ് വിശ്വം, ജോസ് കെ. മാണി, എ.എ റഹീം ഉൾപ്പെടെയുള്ളവരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ഇതോടെ ഇത്തവണത്തെ പാർലമെന്റ് സമ്മേളന കാലയളവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 92 ആയി. 33 പേരെ ലോക്‌സഭയിൽ നിന്നും പുറത്താക്കിയതിൽ വലിയ പ്രതിഷേധം നിലനിൽക്കെയാണ് രാജ്യസഭയിലും നടപടിയുണ്ടായത്. സഭാസമ്മേളനം വെള്ളിയാഴ്ച തീരാനിരിക്കെയാണ് പ്രതിഷേധിച്ചതിന്റെ പേരിൽ ഇത്രയധികം എം.പിമാരെ പുറത്താക്കിയത്.

അതേസമയം എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാ‍ർട്ടികൾ രംഗത്തെത്തി. കോൺഗ്രസ്, സി പി എം, തൃണമൂൽ കോൺഗ്രസ് പാർട്ടികളെല്ലാം എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മോഡി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാർ നടപടിയാണ് എം പിമാർക്കെതിരായ സംസ്പെൻഷനെന്നും അദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നൽകുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമൻറിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പാർലമെന്റിൽ അതിന്റെ പേരിൽ ചർച്ച ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം മോഡി പറഞ്ഞിരുന്നു. എന്നാൽ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിശദീകരണം നൽകാതെ മോഡി ഒളിച്ചോടുകയാണ് എന്നായിരുന്നു പ്രതിപക്ഷ ആരോപണം.

നേരത്തെ കേരളത്തിൽ നിന്നുള്ള ബെന്നി ബഹന്നാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രമ്യ ഹരിദാസ് അടക്കം 15 പേരെ സസ്പെൻഡ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.