ഗബേഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ അരങ്ങേറ്റം കുറിക്കാന്‍ രജത് പാട്ടിധാറും റിങ്കു സിംഗും. ടെസ്റ്റ് ടീമിനൊപ്പം ചേരാന്‍ ശ്രേയസ് അയ്യര്‍ പോയ ഒഴിവിലാണ് ഒരു ബാറ്റര്‍ക്ക് കൂടെ അവസരം ലഭിക്കുന്നത്.
നാലാം നമ്പറില്‍ ആരു ബാറ്റ് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമാണ് രജത് പാട്ടിധാറും റിങ്കു സിംഗും. ഇരുവരും മികച്ച ബാറ്റര്‍മാരാണെങ്കിലും ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യം പറയാനാവില്ല.
കഴിഞ്ഞ ടി20 മല്‍സരത്തിലും മികവ് ആവര്‍ത്തിച്ച റിങ്കു സിംഗ് ദക്ഷിണാഫ്രിക്കന്‍ പിച്ചുകളിലും തനിക്ക് മികവ് പുലര്‍ത്താനാകുമെന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിങ്കുവിന് രണ്ടാം ഏകദിനത്തില്‍ നറുക്ക് വീണേക്കാം.
മറുവശത്ത് മികവുറ്റ ബാറ്റര്‍ എന്ന നിലയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്ന രജത് പാട്ടിദാറിന് 2022ലും ടീമില്‍ അവസരം കിട്ടിയെങ്കിലും സൈഡ് ബെഞ്ചില്‍ ഇരിക്കാനായിരുന്നു വിധി. അതിനിടെ പരുക്കും പിടികൂടിയതോടെ പാട്ടിദാറിന് അവസരം ലഭിച്ചിട്ടില്ല.
നാലാം നമ്പര്‍ ബാറ്ററെന്ന നിലയിലും പാട്ടിദാറിന് അവസരമുണ്ട്. റിങ്കു സിംഗ് സാധാരണയായി ആറാം നമ്പരിലാണ് ബാറ്റിംഗിനെത്തുക. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവുള്ളപ്പോള്‍ ആറാം നമ്പറിലേക്ക് റിങ്കുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. അല്ലെങ്കില്‍ സഞ്ജുവിനെ നാലാം നമ്പറില്‍ കളിപ്പിച്ച് ആറാം നമ്പരില്‍ റിങ്കുവിനെ കളിപ്പിക്കാം.
കുറച്ച് പന്തുകള്‍ മാത്രം നേരിട്ട തിലക് വര്‍മയെ മാറ്റി ഇരുവര്‍ക്കും അവസരം നല്‍കാനും സാധ്യതയുണ്ട്.
ശ്രേയസ് അയ്യറിന്റെ ഒഴിവില്‍ ഒരാള്‍ക്ക് മാത്രമേ നാളത്തെ മല്‍സരത്തില്‍ അവസരമുണ്ടാകു. ആവേശ് ഖാനും അര്‍ഷ്ദീപ് സിംഗും നയിച്ച ബൗളിംഗ് പ്രകടനത്തിലൂടെ ആധികാരിക വിജയമാണ് ഇന്ത്യ കഴിഞ്ഞ ദിവസം കൈപിടിയില്‍ ഒതുക്കിയത്.
2022ലേറ്റ സമ്പൂര്‍ണ പരാജയത്തിന്റെ നാണക്കേട് മാറ്റാനാകും കെഎല്‍ രാഹുലിന്റെ ശ്രമം. ബാക്കി ടീമിനെ അതേ പടി നിര്‍ത്താനാകും ഇന്ത്യയുടെ ശ്രമം. 19ന് വൈകുന്നേരം 4.30 മുതലാണ് മല്‍സരം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.