രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണം; അഭ്യര്‍ഥനയുമായി സംസ്ഥാന ഘടകം

രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണം; അഭ്യര്‍ഥനയുമായി സംസ്ഥാന ഘടകം

ലക്നൗ: അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണമെന്ന അഭ്യര്‍ഥനയുമായി സംസ്ഥാന ഘടകം.

അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി രാഹുലും പ്രിയങ്കയും ഇവിടെ നിന്ന് ജനവിധി തേടണമെന്നത് ദേശീയ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി പിസിസി പ്രസിഡന്റ് അജയ് റായ് വ്യക്തമാക്കി.

തെലങ്കാനയില്‍ മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസ് കഠിനാധ്വാനത്തിലൂടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയതു പോലെ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിന് ഒന്നാമതെത്താന്‍ കഴിയുമെന്ന രാഹുലിന്റെ പ്രസ്താവനയും പിസിസി പ്രസിഡന്റ് ആവര്‍ത്തിച്ചു. ഇന്ത്യ സഖ്യം തീരുമാനിക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് സീറ്റ് വിഭജനം ഉള്‍പ്പടെ പിന്തുടരുമെന്നും അദേഹം വ്യക്തമാക്കി. ബുധനാഴ്ച ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍, പ്രിയങ്ക, ഖാര്‍ഗെ എന്നിവരെയും റായ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ യാത്രയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം സോണിയാ ഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കും കത്തെഴുതും. നേരത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തെലങ്കാനയിലെ മേധക്കില്‍ നിന്ന് ജനവിധി തേടിയിരുന്നു. സോണിയ ഗാന്ധി മേധക്കില്‍ നിന്ന് ജനവിധി തേടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.