ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം: പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്സ് സ്വന്തമാക്കിയത് 20.5 കോടിക്ക്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം: പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്സ് സ്വന്തമാക്കിയത് 20.5 കോടിക്ക്

ദുബായ്: ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവും വില കൂടിയ താരമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 20.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും പാറ്റ് കമ്മിന്‍സിനായി വാശിയേറിയ പോരാട്ടത്തിലായിരുന്നു.

എന്നാല്‍ അവസാന നറുക്ക് വീണതാവട്ടെ സണ്‍ റൈസേഴ്സിനും. ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച കമ്മിന്‍സ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ്. ഇരുപത് കോടി രൂപയ്ക്ക് മുകളില്‍ വിലയിടുന്ന ഐപിഎല്ലിലെ ആദ്യ താരമാണ് കമ്മിന്‍സ്.

അതേസമയം ന്യൂസിലന്‍ഡ് യുവ താരമായ രചിന്‍ രവീന്ദ്ര പ്രതീക്ഷിച്ചത് പോലെ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പാളയത്തിലെത്തി. 1.8 കോടി രൂപയ്ക്കാണ് രചിന്‍ രവീന്ദ്ര ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലേക്ക് എത്തിയത്. ഇതിന് പുറമെ ഇന്ത്യന്‍ പേസര്‍ ശാര്‍ദൂല്‍ താക്കൂറിനെയും സിഎസ്‌കെ തന്നെ സ്വന്തമാക്കി. നാല് കോടി രൂപയ്ക്കാണ് താക്കൂര്‍ ചെന്നൈ നിരയിലേക്ക് മടങ്ങി എത്തിയത്.

ജെറാര്‍ഡ് ഗോഡ്സിയെ മുംബൈ ഇന്ത്യന്‍സ് അഞ്ച് കോടി രൂപയ്ക്ക് സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് വരുന്നത് വരെ വിന്‍ഡീസിന്റെ റോവ്മാന്‍ പവലായിരുന്നു ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയ താരം. രാജസ്ഥാന്‍ റോയല്‍സ് 7.40 കോടി രൂപയ്ക്ക് താരത്തെ വാങ്ങി. ഓസ്ട്രേലിയയുടെ ലോകകപ്പ് താരം ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 6.8 കോടി രൂപയ്ക്ക് സ്വന്തമാക്കി.

ഇതിന് പുറമെ ഹാരി ബ്രൂക്കിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് കോടി രൂപയ്ക്ക് ലേലം ചെയ്തു. എന്നാല്‍ ഇന്ത്യയുടെ കരുണ്‍ നായര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം ലോകോത്തര താരങ്ങളായ ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത്, റിലീ റോസോവ് തുടങ്ങിയവര്‍ ആര്‍ക്കും വേണ്ടാതെ അണ്‍സോള്‍ഡ് ആയി.

ആകെ 333 താരങ്ങളാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്ത് ഫ്രാഞ്ചൈസികളാണ് ഇവരില്‍ നിന്ന് എഴുപത് പേരെ സ്വന്തമാക്കാനായി രംഗത്തുള്ളത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഇക്കുറി ഒരു വനിതയാണ് താരലേലം നിയന്ത്രിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മല്ലിക സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. ദുബായില്‍ വച്ചാണ് ഇക്കുറി ലേലം നടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.