പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്ത് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിയില്‍ സര്‍ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കിയിട്ടുണ്ടെന്നും ഇനി കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെങ്കില്‍ അതിന് നിര്‍ദേശം നല്‍കണമെന്നും പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്നും മുടക്കം വരുത്തരുതെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചത്. ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ജൂലൈ മാസം വരെയുള്ള പെന്‍ഷനാണ് ഇതുവരെ ലഭിച്ചതെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുക്കുന്നുണ്ടെന്നും ഇതുവരെ പിരിച്ച തുകയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാവുന്നതാണെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നയത്തിയത് വലിയ ചര്‍ച്ചയായിരുന്നു. യാചനാ സമരം നടത്തിയതിന് പിന്നാലെ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് സിപിഎം മുഖപത്രം വാര്‍ത്തയും നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കുകയായിരുന്നു.

മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു എന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി അറിയിച്ചിരുന്നു. അതേസമയം ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.