പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെ വരട്ടെയെന്ന് മമതയും കെജരിവാളും; വേണ്ടെന്ന് നിതീഷും ലാലുവും: ഇന്ത്യ സഖ്യത്തില്‍ യോജിപ്പില്ലാതെ നേതാക്കള്‍

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെ വരട്ടെയെന്ന് മമതയും കെജരിവാളും; വേണ്ടെന്ന് നിതീഷും ലാലുവും: ഇന്ത്യ സഖ്യത്തില്‍ യോജിപ്പില്ലാതെ നേതാക്കള്‍

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രഖ്യാപിക്കണമെന്ന മമതാ ബാനര്‍ജിയുടെയും അരവിന്ദ് കെജരിവാളിന്റെയും നിര്‍ദേശത്തെ എതിര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും.

അത്തരമൊരു നിര്‍ദേശത്തില്‍ അതൃപ്തി അറിയിച്ച ഇരുവരും യോഗത്തിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തില്ല. ഇതോടെ സഖ്യത്തിലെ വിള്ളല്‍ കൂടുതല്‍ വ്യക്തമാവുകയാണ്.

എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും നിര്‍ദേശിക്കേണ്ടെന്നും തിരഞ്ഞെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും യോഗത്തിന് ശേഷം ഖാര്‍ഗെ പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ജനുവരി ഒന്നിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചു. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനം വേഗമെടുക്കണമെന്നാണ് നിര്‍ദേശം.

മോഡി സര്‍ക്കാര്‍ സ്ത്രീകളുടെയും യുവ വോട്ടര്‍മാരുടെയും വിശ്വാസം നേടി കഴിഞ്ഞതായും ഇത് വീണ്ടെടുക്കാന്‍ പ്രതിപക്ഷം ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നുമാണ് നേതാക്കളെല്ലാം ആവശ്യപ്പെട്ടത്.

കൂടാതെ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇവിഎം സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളിലും അതിന്റെ ഡിസൈനിലും പ്രവര്‍ത്തനത്തിലും തങ്ങള്‍ക്കുള്ള ആശങ്കയും നേതാക്കള്‍ പങ്കുവച്ചു.

അതിനിടെ ഇന്ത്യാ സഖ്യത്തിലെ എംപിമാരുടെ സസ്പെന്‍ഷനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ 22 ന് ഇതിനെതിരെ അഖിലേന്ത്യാ തലത്തില്‍ വമ്പന്‍ പ്രക്ഷോഭം നടക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26