മണിപ്പൂര്‍ കലാപം: കുക്കി-സോ ഗോത്ര വര്‍ഗക്കാരുടെ 87 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു; നിരോധനാജ്ഞ അവഗണിച്ച് ആയിരങ്ങളെത്തി

 മണിപ്പൂര്‍ കലാപം:  കുക്കി-സോ ഗോത്ര വര്‍ഗക്കാരുടെ 87 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു; നിരോധനാജ്ഞ അവഗണിച്ച് ആയിരങ്ങളെത്തി

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 87 കുക്കി-സോ ഗോത്ര വര്‍ഗക്കാരുടെ മൃതദേഹങ്ങള്‍ ഇന്നലെ ചുരാചന്ദ്പുര്‍ ജില്ലയിലെ സാകേനില്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. ഒരു മാസം മാത്രം പ്രായമുള്ള ഐസക് എന്ന പിഞ്ചുകുഞ്ഞു മുതല്‍ മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കുക്കി-സോ വിഭാഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

കഴിഞ്ഞ മെയ് മൂന്നിനാരംഭിച്ച മണിപ്പൂര്‍ കലാപത്തിന്റെ ആദ്യ നാളുകളില്‍ കൊല്ലപ്പെട്ടവരാണ് ഇന്നലെ സംസ്‌കരിച്ചവരില്‍ ഭൂരിപക്ഷവും. ഏഴ് മാസത്തിന് ശേഷമാണ് ഇവര്‍ക്ക് അന്ത്യവിശ്രമമൊരുങ്ങിയത്.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 41 മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ഇംഫാലിലെ വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഇവിടെയെത്തിക്കുകയായിരുന്നു. 46 മൃതദേഹങ്ങള്‍ ചുരാചന്ദ്പുര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നതാണ്.

വീണ്ടും സംഘര്‍ഷമുണ്ടായതോടെ ചുരാചന്ദ്പുര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ അവഗണിച്ച് ആയിരങ്ങളാണ് കൊല്ലപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. സംസ്‌കാരം നടന്ന സാകേന്‍ ഇനി രക്തസാക്ഷി സ്മൃതി കേന്ദ്രമായി അറിയപ്പെടും. കലാപത്തില്‍ കൊല്ലപ്പെട്ട 23 കുക്കി ഗോത്ര വിഭാഗക്കാരുടെ സംസ്‌കാരം കഴിഞ്ഞയാഴ്ച കാങ്‌പോക്പിയിലും നടന്നിരുന്നു.

മണിപ്പൂരിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഏതാനും ജൂതമത വിശ്വാസികളുമുണ്ട്. മെയ്‌തേയ് വിഭാഗക്കാര്‍ക്ക് ജോലി സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മെയ് മൂന്നിനാരംഭിച്ച കലാപത്തില്‍ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ പലായനം ചെയ്തു. അരലക്ഷത്തിലധികം പേര്‍ ഭവന രഹിതരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.