തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സതീശനെ കൂടാതെ ഷാഫി പറമ്പില്‍എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുകളും എഫ്‌ഐആറിലുണ്ട്.കണ്ടാലറിയാവുന്ന മൂന്നുറിലേറെ പേര്‍ക്കെതിരെയും കേസെടുത്തു.
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
അതേസമയം പോലീസ് കേസെടുത്തതിനെ പ്രതിപക്ഷ നേതാവ് സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചു. ഞാന്‍ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്നാണ് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല. പിന്നെയല്ലേ ഇപ്പോള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
ഭീരുവായ മുഖ്യമന്ത്രി എന്നായിരുന്നു നേരത്തെ സതീശന്‍ പിണറായിയെ വിശേഷിപ്പിച്ചത്. സതീശന്റെ അത്ര ധൈര്യം തനിക്കില്ലെന്നും ഭയമുണ്ടോ എന്ന് സുധാകരനോട് ചോദിച്ചാല്‍ അറിയാമെന്നും പിണറായി മറുപടി നല്‍കിയിരുന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ത്തിട്ടുണ്ട്. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. അക്രമ സംഭവങ്ങളുടെ പേരില്‍ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.