ജൂഡ് ആന്തണി ജോസഫിന്റെ '2018' ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്ത്

ജൂഡ് ആന്തണി ജോസഫിന്റെ '2018' ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്ത്

ലോസ് ആഞ്ചല്‍സ്: ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് ഹീറോ' എന്ന മലയാള ചലച്ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്തായി. മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായിരുന്നു '2018'.

അര്‍മേനിയ, ഭൂട്ടാന്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജപ്പാന്‍, മെക്സികോ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന പട്ടികയിലുള്ളത്.

ഫാളന്‍ ലീവ്സ്, ദി മോങ്ക് ആന്റ് ദി ഗണ്‍, അമേരികാട്സി, ദി പ്രൊമിസ്ഡ് ലാന്റ്, പെര്‍ഫെക്റ്റ് ഡേയ്സ്, ഫോര്‍ ഡോട്ടേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഓസ്‌കര്‍ ചുരുക്ക പട്ടികയിലുള്ളത്. 2018 ലെ കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് '2018 എവരിവണ്‍ ഈസ് ഹീറോ'. ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.

2023 മെയ് അഞ്ചിനാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്ര സംയോജനം ചമന്‍ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

നോബിന്‍ പോളിന്റെതാണ് സംഗീതം. കാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയത്.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപട്ടികയില്‍ ഇടം പിടിച്ച സിനിമകള്‍:

പെര്‍ഫെക്റ്റ് ഡേയ്‌സ് (ജപ്പാന്‍)
ഫാളന്‍ ലീവ്സ് (ഫിന്‍ലാന്‍ഡ്)
ടോട്ടം (മെക്സിക്കോ)
ദി മോങ്ക് ആന്‍ഡ് ദ ഗണ്‍ (ഭൂട്ടാന്‍)
അമേരിക്കാറ്റ്സി (അര്‍മേനിയ)
ദി പ്രോമിസ്ഡ് ലാന്‍ഡ് (ഡെന്‍മാര്‍ക്ക്)
ദ ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാന്‍സ്)
ദ മദര്‍ ഓഫ് ഓള്‍ ലൈസ് (മൊറോക്കോ)
സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിന്‍)
ഫോര്‍ ഡോട്ടേഴ്സ് (ടുണീഷ്യ)
20 ഡേയ്‌സ് ഇന്‍ മരിയുപോള്‍ ( ഉക്രെയ്ന്‍)
സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് (യു.കെ)
ടീച്ചേഴ്സ് ലോഞ്ച് (ജര്‍മനി)
ഗോഡ്‌ലാന്‍ഡ് (ഐസ്ലാന്‍ഡ്)
ലോ ക്യാപിറ്റാനോ (ഇറ്റലി).




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.