ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍; മറിയക്കുട്ടിയെപ്പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി: കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും

 ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍;  മറിയക്കുട്ടിയെപ്പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന്  ഹൈക്കോടതി: കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും

കൊച്ചി: പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ പൂര്‍ണമായി നല്‍കുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നും എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. ദൗര്‍ഭാഗ്യകരമായ മറുപടിയാണ് സര്‍ക്കാരിന്റേതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതിനകം സര്‍ക്കാര്‍ മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

വിധവാ പെന്‍ഷനായി 1600 രൂപയാണ് മറിയക്കുട്ടിക്ക് മാസം തോറും ലഭിക്കേണ്ടത്. കേന്ദ്ര ഫണ്ട് വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഉച്ചയ്ക്ക് ശേഷം മറുപടി നല്‍കിയേക്കും.

മറിയക്കുട്ടിയുടെ പെന്‍ഷന്‍ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വിഐപിയാണെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മറിയക്കുട്ടിയും കൂട്ടുകാരി അന്നക്കുട്ടിയും ചട്ടിയുമായി ഭിക്ഷയാചിച്ചത് വന്‍ വിവാദമായി മാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.