തിരുവനന്തപുരം: ജപ്തി മൂലമുള്ള ആത്മഹത്യകള്‍ തടഞ്ഞും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പു നല്‍കിയും വന്യമ്യഗ ശല്യം അവസാനിപ്പിച്ചും കാര്‍ഷിക പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.
അല്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളില്‍ കര്‍ഷക പ്രതിനിധികള്‍ ജന പ്രതിനിധികളായി ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുമെന്നും അദേഹം പറഞ്ഞു. റബറിന് കിലോയ്ക്ക് 250 രൂപ വിലയാക്കുക, വന്യമ്യഗ ശല്യം പരിഹരിക്കുക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നിരവധി തവണ ഉന്നയിക്കപ്പെട്ടിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല.
കോടികള്‍ മുടക്കി 140 നിയോജക മണ്ഡലങ്ങളില്‍ നവകേരള സദസ് നടത്തുമ്പോള്‍ കര്‍ഷക ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പണം മുടക്കിയതെല്ലാം വ്യര്‍ത്ഥമായി പോകുമെന്നും നവകേരള സദസ് അര്‍ത്ഥശൂന്യമാകുമെന്നും അദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം കാസര്‍കോഡ് നിന്നാരംഭിച്ച കര്‍ഷക അതിജീവന യാത്ര തിരുവനന്തപുരത്ത് എത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
ശാന്തരായ കേരളീയ സമൂഹത്തെ പ്രക്ഷോഭങ്ങളിലേക്ക് തള്ളി വിടുകയല്ല മറിച്ച് യുക്തമായ ജനക്ഷേമ നടപടികള്‍ എടുക്കുകയാണ് ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് പോലും സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്
.
സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയപ്പോള്‍ ആണ് കത്തോലിക്ക കോണ്‍ഗ്രസ് അതിജീവന യാത്ര നടത്തിയത്. സാധാരണക്കാരുടെ വേദനയ്ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ സഭയും സമുദായവും തുടര്‍ന്നും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
വന്യമ്യഗ ശല്യം മൂലവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും മൂലവും കേരളത്തിലെ കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലായി. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നു. കേരളത്തിലെ ജീവിത സാഹചര്യങ്ങള്‍ ദുസഹമായപ്പോള്‍ യുവജനങ്ങള്‍ ഈ സംവിധാനങ്ങളെ വെറുത്ത് കൂട്ടത്തോടെ അന്യരാജ്യങ്ങളിലേക്ക് പാലായനം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കത്തോലിക്ക കോണ്‍ഗ്രസ് അതിജീവന യാത്രയ്ക്ക് നേത്യത്വം നല്‍കാന്‍ തീരുമാനിച്ചതെന്നും അദേഹം വ്യക്തമാക്കി.
നവകേരള സദസിന്റെ സമാപനത്തില്‍ കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചയ്ക്കുള്ള പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ താമരശേരി ബിഷപ്പ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ഈ അതിജീവന യാത്ര ഒരു തുടക്കമാണെന്നും പരിഹാരം ഉണ്ടാകും വരെ പോരാടുമെന്നും അദേഹം പറഞ്ഞു.
അതിജീവന യാത്ര ഉയര്‍ത്തിയ സ്വരം വേദനിക്കുന്നവരുടെ സ്വരമാണെന്ന് വിഷയാവതരണം നടത്തിയ ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. അതിജീവന യാത്ര ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അഡ്വ. ബിജു പറയന്നിലം സൂചിപ്പിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ജോര്‍ജ് കോയിക്കല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ പ്രമേയം അവതരിപ്പിച്ചു.
യാക്കോബായ മലങ്കര ആര്‍ച്ച് ബിഷപ് ഡോ ഗീവര്‍ഗീസ് മാര്‍ കുറിലോസ്, സൗത്ത് ഇന്ത്യന്‍ ലൂഥറന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. റോബിന്‍സണ്‍ ഡേവിഡ് ലൂതര്‍, സാല്‍വേഷന്‍ ആര്‍മി കമാന്റന്റ് ഡോ. ഡാനിയേല്‍ രാജ്, ബിലീവേഴ്സ് ചര്‍ച്ച് ബിഷപ് മാത്യു മാര്‍ സില്‍വാനോസ്, തിരുവനന്തപുരം ഫൊറോനാ വികാരി ഫാ മോര്‍ളി കൈതപ്പറമ്പില്‍ എന്നിവര്‍ അതിജീവന യാത്രയ്ക്ക് ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ നല്‍കി.
കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ പ്രൊഫ. കെ.എം ഫ്രാന്‍സിസ്, അഡ്വ. പി.പി ജോസഫ്, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, അഡ്വ. പി.ടി ചാക്കോ, ടെസി ബിജു, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്ലോബല്‍ ട്രഷറര്‍ ഡോ ജോബി കാക്കശേരി നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.