എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്തുമസ് ദിനത്തില്‍ സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്തുമസ് ദിനത്തില്‍ സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കണം:  മാര്‍ ബോസ്‌കോ പുത്തൂര്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ 25 ന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരും പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലും. കത്തീഡ്രല്‍ ബസലിക്കയില്‍ ആദ്യ ഏകീകൃത കുര്‍ബാന ക്രിസ്മസ് ദിനത്തില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആയിരിക്കും അര്‍പ്പിക്കുക. അതിരൂപത കൂരിയ അംഗങ്ങള്‍ സഹകാര്‍മികരാകുമെന്നുമാണ് സൂചന.

തീര്‍ഥാടന കേന്ദ്രങ്ങളില്‍ മറ്റ് രൂപതകളില്‍ നിന്നു വരുന്ന വൈദികര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. എറണാകുളം അതിരൂപതയില്‍ വരുന്ന ബിഷപ്പുമാര്‍ക്കും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാം. മൈനര്‍ സെമിനാരിയിലും സന്യാസ ഭവനങ്ങളിലും ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാമെന്നും അതിരൂപതയുടെ നിര്‍ദേശമുണ്ട്.

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ അതിരൂപത ഏറെ പ്രതിസന്ധികളിലൂടെയാണ് ഏതാനും വര്‍ഷങ്ങളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതു മുതല്‍ ഈ പ്രശ്‌നത്തിന് ഉചിതമായ പരിഹാരമുണ്ടാകാന്‍ താന്‍ തീഷ്ണമായി പ്രാര്‍ത്ഥിക്കുകയും ആത്മാര്‍ത്ഥമായ പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബിഷപ് ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലും താനും നമ്മുടെ അതിരൂപതയിലെ അച്ചന്മാരും സന്ന്യസ്തരും അല്‍മായ സഹോദരങ്ങളുമായി രാപകല്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി എങ്ങനെ ഫലപ്രദമായും സമാധാന അന്തരീക്ഷത്തിലും നമ്മുടെ അതിരൂപതയില്‍ നടപ്പാക്കാം എന്നതായിരുന്നു ചര്‍ച്ചകളുടെ ലക്ഷ്യം. ഈ സംരംഭത്തില്‍ പങ്കെടുത്ത ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെയും സഹകരിച്ച അച്ചന്മാരേയും സന്ന്യസ്തരേയും അല്‍മായ സഹോദരങ്ങളേയും താന്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അദേഹം പറഞ്ഞു.

സിനഡ് തീരുമാന പ്രകാരം നമ്മുടെ അതിരൂപത മുമ്പോട്ട പോകണമെന്നാണ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെയും മാര്‍പാപ്പയുടെയും നിശ്ചയം എന്ന് വത്തിക്കാനിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് പൊന്തിഫിക്കല്‍ ഡലഗേറ്റ് തന്നോട് പറയുകയുണ്ടായെന്നും അദേഹം വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ സിനഡ് തീരുമാനിച്ചതും, ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തതും  നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പിറവി തിരുനാളിന് സിനഡ് തീരുമാന പ്രകാരമുള്ള കുര്‍ബാന അര്‍പ്പണ രീതി ആരംഭിക്കാന്‍ നമ്മുടെ അതിരൂപതയിലെ അച്ചന്മാരോടും സന്ന്യസ്തരോടും അല്‍മായ സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

സമാധാന അന്തരീക്ഷത്തില്‍ ഇത് നടപ്പാക്കാന്‍ നിങ്ങള്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് നല്ലവനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ഉള്‍പ്പെടെ അടഞ്ഞുകിടക്കുന്ന ദേവാലയങ്ങള്‍ എത്രയും വേഗം തുറന്ന് വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും നടത്താനാവശ്യമായ സാഹചര്യം ഒരുക്കാന്‍ ചുമതലപ്പെട്ട എല്ലാവരും ശ്രമിക്കേണ്ടതാണെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

''അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം'' (ലൂക്കാ 2:44). ഈശോയുടെ പിറവിയോടനുബന്ധിച്ച് വാനദൂതര്‍ ആശംസിച്ച ഈ സമാധാനം നാം ഓരോരുത്തരുടേയും ഹൃദയത്തിലും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും അതിരൂപതയിലും സമൂഹത്തിലും നിറയട്ടെ എന്നും ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.