ഇന്ത്യയിലേക്ക് വരികയായിരുന്ന ക്രൂഡ് ഓയില്‍ കപ്പലിന് നേരെ അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക

ഇന്ത്യയിലേക്ക് വരികയായിരുന്ന ക്രൂഡ് ഓയില്‍ കപ്പലിന് നേരെ അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ക്രൂഡ് ഓയിലുമായി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലിന് നേരെ അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണം. എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ക്രൂഡ് ഓയില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കപ്പലില്‍ 21 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ, നാവിക സേന കപ്പല്‍ ഐസിജിഎസ് വിക്രം എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് പുറപ്പെട്ടു. തങ്ങളുടെ ഒരു വിമാനം കപ്പലിന് സമീപത്തെത്തി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചെന്നും കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നും നാവിക സേന അറിയിച്ചു.

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ പടര്‍ന്ന തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പല്‍ നീങ്ങിയിരുന്നത്. കെമിക്കല്‍ ഓയില്‍ പ്രോഡക്ട് ടാങ്കറായ കപ്പല്‍, ഡിസംബര്‍ 25 നാണ് മംഗളൂരൂ തുറമുഖത്ത് എത്തേണ്ടിയിരുന്നത്. മുംബൈ തീരത്ത് അറ്റകുറ്റ പണി നടത്തിയ ശേഷം കപ്പല്‍ മംഗളുരുവിലേക്ക് പോകും.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ബന്ധമുള്ള ഒരു ചരക്ക് കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്.

മെഡിറ്ററേനിയന്‍ കടലിലും സ്ഥിതി ഗതികള്‍ സങ്കീര്‍ണമാണ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.