അവയവദാന പ്രതിജ്ഞയിൽ ലോക റെക്കോർഡ് സ്വന്തമാക്കി യു എ യിലെ ഏരീസ് ഗ്രൂപ്പ് ; ഒറ്റ ദിവസം കൊണ്ട് സന്നദ്ധത അറിയിച്ചത് 1625 ജീവനക്കാർ

അവയവദാന പ്രതിജ്ഞയിൽ ലോക റെക്കോർഡ് സ്വന്തമാക്കി യു എ യിലെ ഏരീസ് ഗ്രൂപ്പ് ; ഒറ്റ ദിവസം കൊണ്ട് സന്നദ്ധത അറിയിച്ചത് 1625 ജീവനക്കാർ

ഷാർജ : അവയവദാനം സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ്‌ നടപ്പിലാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് ആഗോള അംഗീകാരം. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ അവയവദാന പ്രതിജ്ഞ എടുത്ത സ്ഥാപനം എന്നതിനുള്ള ലോക റെക്കോർഡ് ആണ് ഏരീസ് ഗ്രൂപ്പ്‌ നേടിയത്. ഡിസംബർ ഏഴിന് ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ നിന്ന് 1625 വ്യക്തികൾ

അവയവദാനത്തിനായി അണിചേർന്നു പ്രതിജ്ഞ എടുത്തിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന അവയവദാന പ്രതിജ്ഞ ക്യാമ്പയിന്റെ ഔദ്യോഗിക ചടങ്ങിൽ ഗ്രീൻ ലൈഫ് സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ഫാ. ഡേവിസ് ചിറമ്മൽ മുഖ്യാതിഥിയായി. ഏരീസ് ഗ്രൂപ്പിന്റെ ക്രിസ്മസ് ആഘോഷവും ഇതോടൊപ്പം നടത്തി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ടി. കെ. പ്രദീപ് , ജോ. ജനറൽ സെക്രട്ടറി ജിബി ബേബി , ട്രഷറർ ഷാജി ജോൺ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹ്യ പ്രതിബദ്ധതാരംഗത്ത് ഇത് ഒരു പുതിയ ചുവട്‌വെയ്പ്പാണെന്ന് ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു. " ലോകത്ത്, നിലവിൽ ഈ രംഗത്ത് ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നൽകപ്പെടുന്ന ഏറ്റവും വലിയ അവയവദാന സന്നദ്ധതയാണ് ഇത്. യുഎയിൽ ഗ്രീൻ ലൈഫുമായി ചേർന്നാണ് ഇത് നടപ്പിലാക്കിയത്.

യുഎ യിൽ ഇതിന്റെ പ്രചാരണത്തിന് ഭരണകർത്താക്കളിൽ നിന്ന് ഔദ്യോഗിക അംഗീകാരം കരസ്ഥമാക്കിയ ഫാ. ഡേവിസ് ചിറമ്മൽ ആണ് ഈ വിഷയത്തിൽ ഞങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത്. ഇത്തരത്തിൽ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നതിലൂടെ അവയവങ്ങളുടെ ലഭ്യത വർദ്ധിക്കുകയും വില കുറയുകയും ചെയ്യും.ഇതോടെ അവയവ മാഫിയ ഇല്ലാതാവും.

പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളും ഈ ക്യാമ്പയിനിന്റെ
ഭാഗമായിട്ടുണ്ട്. ഭാവിയിൽ ഏരീസ് ഗ്രൂപ്പിന്റെ ഒഴിവുകളിൽ 90% അവയവദാന സന്നദ്ധത അടിസ്ഥാനമാക്കി സംവരണം ചെയ്യും.ഇത്തരത്തിലുള്ള ഒരു മഹത്തായ ലക്ഷ്യവും ഏരീസ് മുന്നോട്ട് വെക്കുന്നുണ്ട് എന്ന് സോഹൻ റോയ് വിശദീകരിച്ചു.

ഏരീസ് ഗ്രൂപ്പിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കാളികളായ എല്ലാവർക്കും ജീവിതകാലത്ത് അവരുടെ അവയവങ്ങൾ സംരക്ഷിക്കുന്നതിനും അതിലൂടെ അവരുടെ ജീവിത ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ ലഭിക്കുന്നതാണ്.

പൊതുവേ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മെറ്റബോളിസം, ജലം , മലിനീകരണം (വായു ജലം, ശബ്ദം, റേഡിയേഷൻ എന്നിവയിലൂടെയുള്ള ), ദുശ്ശീലങ്ങൾ, മാനസിക സമ്മർദ്ദം, നിരന്തരം മരുന്നു ഉപയോഗം, അമിത വണ്ണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഒരാളുടെ ആരോഗ്യാവസ്ഥയെയും അവയവാവസ്ഥയേയും നിർണയിക്കുന്നത്. ഇവ ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിനും അതിലൂടെ ജീവിത ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും പരമാവധി സഹായവും സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കും " സോഹൻ റോയ് അറിയിച്ചു.

അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച പിന്തുണയാണ് യു എ ഇ ഭരണാധികാരികൾ നൽകുന്നതെന്ന് ഫാ.ഡേവിസ് ചിറമ്മൽ പറഞ്ഞു.ഇതിന്റെ പ്രചാരണത്തിനായി ആരോഗ്യ വിഭാഗത്തിന് കീഴിലുള്ള ഹയാത് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസാർഹമാണ്.യു എ യിൽ നടത്തുന്ന ഇത്തരം ഉദ്യമങ്ങൾക്ക് നൂറ് ശതമാനം വിശ്വാസ്യത ഉണ്ടെന്നും ഫാ.ഡേവിസ് വ്യക്തമാക്കി.ഇന്ത്യയിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാരുടെ അവയവ ദാനത്തിന് ഏകീകൃത സംവിധാനം സജ്ജമാക്കുന്നെണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയിൽ ആഗോളതലത്തിലെ മുൻനിരക്കാരായ ഏരീസ് ഗ്രൂപ്പിന് അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്. 25 ഓളം രാജ്യങ്ങളിൽ അറുപതിലേറെ കമ്പനികളാണ് ഗ്രൂപ്പിനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.