കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂത്രപ്പള്ളി സെന്റ് മേരീസ് ദൈവാലയത്തിൽ പിറവി തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നു

കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂത്രപ്പള്ളി സെന്റ് മേരീസ് ദൈവാലയത്തിൽ പിറവി തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നു

കോട്ടയം : സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് പദവി ഒഴിഞ്ഞതിനുശേഷം ആദ്യമായി വരുന്ന ക്രിസ്തുമസ്സ് തിരുകർമ്മങ്ങൾക്ക്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചങ്ങനാശ്ശേരി അതിരൂപതയിലെ കൂത്രപ്പള്ളി സെന്റ് മേരീസ് ദൈവാലയത്തിൽ നേതൃത്വം നൽകുന്നു. ഡിസംബർ 24 രാത്രി 11:30 നുള്ള പിറവി തിരുകർമ്മങ്ങൾക്കും തുടർന്നുള്ള പരിശുദ്ധ കുർബ്ബാനയ്ക്കും അദ്ദേഹം മുഖ്യ കാർമ്മികനായിരിക്കും.

സീറോ മലബാർ സഭയുടെ മൂന്നാമത്തെ മേജർ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ ഏഴാം തീയതിയാണ് സഭാ തലവന്റെ ചുമതലകളിൽ നിന്നും വിരമിച്ചത്. സീറോ മലബാർ സഭയെ ആഗോള മിഷനറി സഭയാക്കി വളർത്തുകയും ഉദയം പേരൂർ സമ്മേളനം മുടക്കം കല്പിച്ച കൂദാശ ക്രമങ്ങൾ പുനരുദ്ധരിക്കുകയും സീറോ മലബാർ സഭയിലെ 34 രൂപതകളിലും ഏകീകൃത കുർബ്ബാന അർപ്പണം കൊണ്ട് വരുകയും ചെയ്തത് അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. 2018 മുതൽ സഭയുടെ അകത്തു നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്ന പ്രതിഷേധങ്ങൾ നിമിത്തം രണ്ടു തവണ രാജി സമർപ്പിച്ചിരുന്നു.

മുൻ സഭാ തലവനെ സ്വീകരിക്കാനുള്ള അവസരം കൈ വന്നതിൽ ആഹ്ളാദഭരിതരാണ് കൂത്രപ്പള്ളി ഇടവക ജനമെന്ന് വികാരി ഫാ. ജോർജ് കൊച്ചുപറമ്പിൽ, അസിറ്റന്റ് വികാരി ഫാ.അലൻ വെട്ടുകുഴിയിൽ എന്നിവർ അറിയിച്ചു. എസ് എ ബി എസ് സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ ഹൗസും സ്ഥിതി ചെയ്യുന്ന കൂത്രപ്പള്ളി ഇടവകയിൽ 1400 ലധികം കുടുംബങ്ങൾ ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26