പാതിരാ കുര്‍ബാനയ്ക്ക് ശേഷം രുചിയേറും ക്രിസ്തുമസ് വിഭവം ആയാലോ?

പാതിരാ കുര്‍ബാനയ്ക്ക് ശേഷം രുചിയേറും ക്രിസ്തുമസ് വിഭവം ആയാലോ?

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ആലപിച്ച മാലാഖമാര്‍ക്കൊപ്പം ക്രിസ്തുമസ് രാവിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍. ആഘോഷ വേളകളെല്ലാം രുചിയൂറുന്ന വിഭവങ്ങളൊരുക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ക്രൈസ്തവ കുടുംബങ്ങളില്‍ ഉണ്ണി യേശുവിന്റെ ജനനത്തോട് അനുബന്ധിച്ചുള്ള നോമ്പുവീടല്‍ തീര്‍ത്തും കൊതിയൂറും വിഭവങ്ങളുടെ ആഘോഷം തന്നെയാണ്. പാതിരാ കുര്‍ബാനക്ക് ശേഷം തീന്‍മേശയിലേക്ക് എത്തുമ്പോള്‍ പാകമായ വിഭവങ്ങളുടെ കൊതിയൂറും സ്വാദും മണവും ഒന്നുകൂടി മനസ് നിറക്കും. നോമ്പു വീടലിനും ക്രിസ്തുമസ് മധുരത്തിനും വീട്ടില്‍ തന്നെ തയാറാക്കാവുന്ന ചില വിഭവങ്ങള്‍ നോക്കാം.

1. വട്ടയപ്പം

ചേരുവകള്‍:
പച്ചരി- ഒരു കിലോ
തേങ്ങ- രണ്ടെണ്ണം
ശുദ്ധമായ കള്ള്- രണ്ട് ഗ്‌ളാസ്
പഞ്ചസാര- ഒരു കിലോ
കിസ്മിസ്- 15 എണ്ണം
ഏലക്കായ- ആറെണ്ണം
ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം:

പച്ചരി കഴുകി കുതിര്‍ത്ത് പൊടിപ്പിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത് തരി കുറച്ച് മാറ്റി വക്കുക. രണ്ട് തേങ്ങ ചിരകിയത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. തരി കുറുക്കിയെടുക്കുക. അതിനു ശേഷം അരിപ്പൊടിയില്‍ തേങ്ങ അരച്ചതും അരി കുറുക്കിയതും ചേര്‍ത്തിളക്കി കള്ളും പഞ്ചസാരയും ചേര്‍ത്തിളക്കി ഒരു നുള്ള് ഉപ്പും ചേര്‍ത്ത് പുളിച്ച് പൊങ്ങാന്‍ വയ്ക്കുക. പൊങ്ങിയതിനു ശേഷം ഏലക്കാ പൊടിച്ചത് ചേര്‍ത്തിളക്കി കിസ്മിസും ആവശ്യമെങ്കില്‍ കശുവണ്ടിയും ചേര്‍ത്ത് അപ്പ ചെമ്പില്‍ വേവിച്ചെടുക്കുക. അപ്പപ്പൊടിക്കു പകരം റാഗിപ്പൊടി ഉപയോഗിച്ചും വട്ടയപ്പം ഉണ്ടാക്കിയെടുക്കാം.

2. പോത്ത് സ്റ്റ്യൂ

ചേരുവകള്‍:
പോത്തിറച്ചി- ഒരു കിലോ
തേങ്ങാ പാല്‍- 1 1/2കപ്പ്
വെളിച്ചെണ്ണ- 150 ഗ്രാം
സവാള- മൂന്നെണ്ണം
ഇഞ്ചി- 50 ഗ്രാം
വെളുത്തുള്ളി ചതച്ചത്- 50 ഗ്രാം
പച്ചമുളക് നീളത്തില്‍ അരിഞ്ഞെടുത്തത്- എട്ട് എണ്ണം
കുരുമുളക് പൊടിച്ചത്- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് കതിര്
ഗരം മസാല- ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- 1/2 ടീസ്പൂണ്‍
പെരുംജീരകം- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം:

പോത്ത് ഇറച്ചി കഴുകി വേവിച്ച് മാറ്റി വക്കുക. ഉരുളി ചെറുതായി ചൂടായതിനു ശേഷം മാത്രം വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ക്കുക. സവാള ചേര്‍ത്തു വഴറ്റി എടുത്തതിനു ശേഷം മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ശേഷം വേവിച്ച പോത്തിറച്ചിയും തേങ്ങയുടെ രണ്ടാം പാലും ഒഴിച്ച് തിളപ്പിച്ചെടുക്കുക. ഗരംമസാലയും പെരുംജീരകവും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒന്നാം പാലിനൊപ്പം വീണ്ടും തിളപ്പിക്കുക.
ക്രിസ്തുമസ് ദിനത്തില്‍ വട്ടയപ്പവും പോത്ത് സ്റ്റ്യൂവും മികച്ച കോമ്പിനേഷനാണ്.

3. ഫിഷ് കട്ലറ്റ്

കട്ലറ്റിന്റെ മേമ്പൊടിയില്ലാതെ ക്രിസ്ത്യന്‍ അടുക്കളയില്‍ എന്താഘോഷം
ചേരുവകള്‍:
സ്രാവ്/ഏട്ട മീന്‍- 1/2 കിലോ
കോഴിമുട്ട- രണ്ടെണ്ണം
ചെറിയ ഉള്ളി-10 എണ്ണം
ഇഞ്ചി-25 ഗ്രാം
ഉരുളന്‍കിഴങ്ങ്- രണ്ടെണ്ണം
കറിവേപ്പില- ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മീന്‍ ഉപ്പും മഞ്ഞള്‍ പൊടിയുമിട്ട് വേവിച്ച് മുള്ളുമാറ്റി ഉടച്ചെടുക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ഇട്ട് മീനും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഉരുളന്‍കിഴങ്ങ് വേവിച്ചത് ഉടച്ച മീനുമായി ചേര്‍ത്ത് കുഴയ്ക്കുക. ശേഷം നമുക്ക് ഇഷ്ടമുള്ള രൂപത്തില്‍ പരത്തിയെടുക്കാം. ഇത് കോഴിമുട്ട അടിച്ചതില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് കോരുക.

4. ക്രീം ചീസ് കേക്ക്

കേക്കിന്റെ മധുരമില്ലാതെ എന്ത് ക്രിസ്തുമസ് മധുരം അല്ല! എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സിംപ്ള്‍ ക്രീം ചീസ് നോക്കാം.

ചേരുവകള്‍:

ബട്ടര്‍-200 ഗ്രാം
മൈദ- 200 ഗ്രാം
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
ബേക്കിങ് സോഡ- അര ടീസ്പൂണ്‍
കാരമല്‍- 20 ഗ്രാം
ഉപ്പ്- രണ്ട് നുള്ള്
സോഫ്റ്റ് ചീസ്- 200 ഗ്രാം
ക്രീം- ഒരു കപ്പ്
മില്‍ക്ക് മെയ്ഡ്- അര കപ്പ്
ജെലാറ്റിന്‍ ഉരുക്കിയത്- രണ്ട് ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

മൈക്രോവേവ് ഓവന്‍ 165 ഡിഗ്രി സെന്റി ഗ്രേഡില്‍ സെറ്റു ചെയ്യുക. കേക്കുണ്ടാക്കാനായി പാന്‍ എടുത്ത് ബട്ടര്‍ പുരട്ടുക. ഒരു ബൗളില്‍ മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, കാരമല്‍, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ബീറ്റു (മിക്സ്) ചെയ്തെടുക്കുക. ഇത് പാനില്‍ ഒഴിച്ച് മുക്കാല്‍ മണിക്കൂറോളം ബേക്ക് ചെയ്യണം. മൈക്രോവേവില്‍ നിന്നെടുത്ത് ചൂടാറും വരെ വെക്കുക.

സോഫ്റ്റ് ചീസും (പ്ളെയ്ന്‍ ഫ്ളേവര്‍) ക്രീമും മില്‍ക്ക് മെയ്ഡും ജെലാറ്റിന്‍ ഉരുക്കിയതും കൂടി മിക്സിയില്‍ മിക്സ് ചെയ്തെടുത്ത് ഫ്രിഡ്ജില്‍വച്ച് സെറ്റ് ചെയ്തെടുക്കുക. ഇത് നേരത്തെ ബേക്ക് ചെയ്തെടുത്തതിനു മുകളില്‍ ഒരു ലെയര്‍ എന്ന പോലെ വച്ചതിനു ശേഷം വീണ്ടും മൈക്രോവേവില്‍ 15 മിനിറ്റ് വച്ച് പുറത്തെടുക്കാം. ജാം ഫ്ളേവറോ, സ്ട്രോബറി സിറപ്പോ വച്ച് അലങ്കരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.