കൊച്ചി: മുസ്ലിങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതിനെതിരെ രംഗത്തെത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസിയെ തള്ളി ക്രിസ്തുമസ് ആശംസകളുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം. സുപ്രഭാതം പത്രത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയാണ് ഹമീദ് ഫൈസി.
കോഴിക്കോട് മേരി മാതാ കത്തീഡ്രലില്‍ ഒരുക്കിയ പുല്‍ക്കൂടിന്റെ ചിത്രത്തിനൊപ്പമാണ് സുപ്രഭാതം വായനക്കാര്‍ക്ക് ക്രിസ്മസ് ആശംസകള്‍ അറിയിച്ച് ഇന്ന് പുറത്തിറങ്ങിയത്. സുപ്രഭാതത്തില്‍ ക്രിസ്തുമസ് ആശംസകള്‍ വന്നതോടെ ഹമീദ് ഫൈസിയുടെ നിലപാടിനെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
കെസിബിസി ആസ്ഥാനത്ത് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ ക്ലിമിസ് മാര്‍ ബസോലിയോസ് ബാവയ്ക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രം പുറത്തു വന്നതിനു പിന്നാലെയായിരുന്നു മുസ്ലിം മത വിഭാഗത്തിലുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹമീദ് ഫൈസി രംഗത്തെത്തിയത്.
ക്രിസ്തുമസ് സ്റ്റാര്‍, ക്രിസ്തുമസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്തുമസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു ഹമീദ് ഫൈസിയുടെ മുന്നറിയിപ്പ്.
അതേസമയം ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് നേരത്തെ സമസ്ത പറഞ്ഞിരുന്നു. പരസ്പര സ്നഹവും സാഹോദര്യവും സൗഹൃദവും പങ്കിടലാണ് ആഘോഷങ്ങളുടെ ആത്മാവെന്നും ആഘോഷങ്ങളിലെ സന്തോഷങ്ങളില്‍ പങ്കുചേരുകയാണ് വേണ്ടതെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.