കൂടിക്കാഴ്ച കേരളത്തില്‍ വച്ച്; ക്രൈസ്തവ നേതാക്കളെ വീണ്ടും കാണാന്‍ നരേന്ദ്ര മോഡി

കൂടിക്കാഴ്ച കേരളത്തില്‍ വച്ച്; ക്രൈസ്തവ നേതാക്കളെ വീണ്ടും കാണാന്‍ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും ക്രൈസ്തവ നേതാക്കളെ നേരിട്ട് കാണും. പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ക്കും മറ്റ് പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിരുന്ന് നല്‍കിയിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ബിജെപി അറിയിച്ചു.

ഇന്നലെ സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേര്‍ പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു വിരുന്ന് നടന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു പ്രധാനമായും ക്ഷണം ലഭിച്ചത്. ആദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോഡിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്നൊരുക്കിയത്.

ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയോടെയോ, 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി സഭാ നേതാക്കളെ അറിയിച്ചിരുന്നു. മാര്‍പാപ്പയെ നേരില്‍ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോഡി വ്യക്തമാക്കിയിരുന്നു. 2021 ഒക്ടോബറില്‍ വത്തിക്കാന്‍ സിറ്റിയില്‍ വച്ചായിരുന്നു മോഡി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളൊന്നും വിരുന്നില്‍ ചര്‍ച്ചയായില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും വികസനത്തിന് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പിന്തുണ മോഡി തേടിയെന്നും മത നേതാക്കള്‍ പറഞ്ഞു.

മാത്രമല്ല വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. ഇടക്കാലത്ത് മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ക്രിസ്ത്യന്‍ വിഭങ്ങളുമായുള്ള പാര്‍ട്ടിയുടെ അകല്‍ച്ച വര്‍ധിപ്പിച്ചുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഇത് മറികടക്കാനാണ് പുതിയ നീക്കവുമായി ബിജെപി രംഗത്ത് വരുന്നത്. അതിന്റെ ആദ്യഘട്ടമായാണ് പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിച്ചത്.

പരിപാടി സംഘടിപ്പിച്ചത് ദേശീയ തലത്തില്‍ ആണെങ്കിലും കേരളത്തെ ലക്ഷ്യമിട്ട് തന്നെയാണ് നീക്കമെന്ന് ബിജെപി പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാണ്. കേരളത്തിലെ ഏറ്റവും പ്രബലമായ വോട്ട് ബാങ്കുള്ള ഒരു സമുദായത്തെ കൂടെ നിര്‍ത്തുന്നതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.