'ഖജനാവ് കാലി': മുഖ്യമന്ത്രിയുടെ ഓണ സദ്യയ്ക്ക് പൊടിച്ചത് 26.86 ലക്ഷം രൂപ; ജനുവരി മൂന്നിന് മസ്‌കറ്റ് ഹോട്ടലില്‍ പുതുവര്‍ഷ വിരുന്ന്

 'ഖജനാവ് കാലി': മുഖ്യമന്ത്രിയുടെ ഓണ സദ്യയ്ക്ക് പൊടിച്ചത്  26.86 ലക്ഷം രൂപ; ജനുവരി മൂന്നിന് മസ്‌കറ്റ് ഹോട്ടലില്‍ പുതുവര്‍ഷ വിരുന്ന്

തിരുവനന്തപുരം: ഖജനാവില്‍ പണമില്ലെന്ന കാരണം പറഞ്ഞ് സാധാരണക്കാരുടെ ക്ഷേമ പെന്‍ഷനുകള്‍ പോലും തടഞ്ഞു വച്ച സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പൗര പ്രമുഖര്‍ക്ക് നല്‍കിയ ഓണ സദ്യക്ക് ചിലവാക്കിയത് 26, 86, 130 രൂപ.

കഴിഞ്ഞ ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓണ സദ്യ. ജനുവരി മൂന്നിന് മുഖ്യമന്ത്രിയുടെ പുതുവര്‍ഷ വിരുന്നും ഒരുങ്ങുന്നുണ്ട്.

ഓണ സദ്യ വിളമ്പിയ സ്വകാര്യ കേറ്ററിങ് സ്ഥാപനത്തിന് 19,00, 130 രൂപ നേരത്തേ നല്‍കിയിരുന്നു. ട്രഷറി നിയന്ത്രണത്തില്‍ പ്രത്യേക ഇളവ് വരുത്തി ഈ മാസം 13 ന് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിക്കുകയായിരുന്നു.

ഏത് വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമല്ല. ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയില്‍ എത്രപേര്‍ പങ്കെടുത്തു എന്ന് കൃത്യമായ കണക്കില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

അഞ്ച് തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിങ് സ്ഥാപനം വിളമ്പിയത്. സ്പീക്കര്‍ എ.എന്‍ ഷംസീറും നിയമസഭയില്‍ പ്രത്യേകമായി ഓണസദ്യ ഒരുക്കിയിരുന്നു.

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് വരെ വില വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര പരിപാടികള്‍ക്ക് യാതൊരു കുറവും വരുത്തുന്നില്ലെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന കണക്കുകള്‍.

ഓണ സദ്യയ്ക്ക് 26.86 ലക്ഷം രൂപ പൊടിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ പുതുവര്‍ഷ  വിരുന്ന്  ഒരുങ്ങുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.