തിരുവനന്തപുരം: ജനിതക രോഗങ്ങള്‍ വളരെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ജനറ്റിക്‌സ് വിഭാഗം ആരംഭിച്ചത്.
അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക പങ്കുവഹിക്കാന്‍ ഇതോടെ കഴിയും. ഗര്‍ഭാവസ്ഥയില്‍ തന്നെ ജനിതക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും പ്രധാനമാണ്.
എസ്.എ.ടി. ആശുപത്രിയില്‍ ജനറ്റിക്സ് ഒരു പ്രത്യേക വിഭാഗമാക്കുന്നത് ആദ്യമായാണ്. ഇതിലൂടെ അപൂര്‍വ ജനിതക രോഗങ്ങളുടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനമാണ് ഒരുങ്ങിയത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുതിയ രോഗികളുടെ ഒ.പി പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച ജനറ്റിക്സ് ഒപിയും വെള്ളിയാഴ്ച അപൂര്‍വ രോഗങ്ങളുടെ സ്പെഷ്യല്‍ ഒപിയുമാണ് ഉണ്ടാവുക. ബാക്കി ദിവസങ്ങളില്‍ തുടര്‍ ചികിത്സയാണ് ലഭ്യമാക്കുന്നത്.
ജനറ്റിക്സ് വിഭാഗം യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാ വിഭാഗങ്ങളിലുമുള്ള അപൂര്‍വ ജനിതക രോഗങ്ങള്‍ക്കും മികച്ച രീതിയില്‍ ചികിത്സയും സേവനവും നല്‍കാനാകുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
ജനറ്റിക്‌സ് വിഭാഗത്തിലേക്ക് ഒരു പ്രഫസറുടേയും ഒരു അസിസ്റ്റന്റ് പ്രഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചു. എസ്.എ.ടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തിരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്.എം.എ ക്ലിനിക്ക് ആരംഭിച്ചതും എസ്.എ.ടി.യിലാണെന്ന പ്രത്യേകതയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.