വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം, 1,70,000 രൂപ പിഴ; പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി

വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം, 1,70,000 രൂപ പിഴ; പ്രതിക്കെതിരായ  എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി

കൊച്ചി: പത്ത് വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹന് ജീവപര്യന്തം തടവ് ശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് 1,70,000 രൂപ പിഴയും വിധിച്ചു. ഈ തുക വൈഗയുടെ അമ്മ അടക്കമുള്ള ബന്ധുക്കള്‍ക്ക് കൈമാറണം.

ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ കുട്ടിക്ക് മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.

2021 മാര്‍ച്ച് 22 നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.

എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായി 90 ദിവസം തികയും മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം കിട്ടിയില്ല. സനു വില്‍ക്കുകയും വഴിയില്‍ എറിഞ്ഞുകളയുകയും ചെയ്ത ഫോണുകള്‍ കണ്ടെത്താനായത് കേസില്‍ നിര്‍ണായക തെളിവായി.

എന്നാല്‍ തനിക്കെതിരായ തെളിവുകള്‍ പരസ്പര വിരുദ്ധമാണെന്നും കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു സനു മോഹന്റെ വാദം. കുട്ടികളെ കൊലപ്പെടുത്തിയ അമ്മമാര്‍ക്ക് പല കേസുകളിലും ജാമ്യം ലഭിച്ചതും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.