കൊടുങ്കാറ്റും വെള്ളപ്പൊക്കവും; ക്രിസ്തുമസ് അവധി ദിനങ്ങളില്‍ ഓസ്ട്രേലിയയില്‍ 10 മരണം; മഴ തുടരുമെന്ന് പ്രവചനം

കൊടുങ്കാറ്റും വെള്ളപ്പൊക്കവും; ക്രിസ്തുമസ് അവധി ദിനങ്ങളില്‍ ഓസ്ട്രേലിയയില്‍ 10 മരണം; മഴ തുടരുമെന്ന് പ്രവചനം

സിഡ്നി: ക്രിസ്തുമസ് അവധിക്കാലത്ത് ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റില്‍പെട്ട് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ക്വീന്‍സ്‌ലന്‍ഡിലും വിക്ടോറിയയിലുമാണ് പ്രതികൂല കാലാവസ്ഥ മൂലം ഏറ്റവും വലിയ ആള്‍നാശമുണ്ടായത്. ക്വീന്‍സ്‌ലന്‍ഡില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

ചൊവ്വാഴ്ച തെക്കന്‍ ക്യൂന്‍സ്‌ലന്‍ഡ് തീരത്ത് ഉള്‍ക്കടലില്‍ 11 പേരുമായി മത്സ്യബന്ധനത്തിനു പോയ ബോട്ട് മറിഞ്ഞ് മൂന്ന് പുരുഷന്മാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ക്യൂന്‍സ്‌ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ മരം വീണ് 59 വയസുള്ള സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. റോഡിലൂടെ നടക്കുമ്പോഴാണ് മരം സ്ത്രീയുടെ മേല്‍ പതിച്ചത്. അയല്‍ നഗരമായ ബ്രിസ്ബെയ്‌നില്‍ ചൊവ്വാഴ്ച വെള്ളപ്പൊക്കത്തില്‍ കാണാതായ ഒന്‍പതു വയസുകാരിയുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടെടുത്തു.

ബ്രിസ്ബെയ്‌നില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ജിംപി നഗരത്തിലെ മേരി നദിയില്‍ 40, 46 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വെള്ളപ്പൊക്കത്തില്‍പെട്ട് ആദ്യം ഇരുവരെയും കാണാതാകുകയായിരുന്നു. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്സ്ലാന്‍ഡില്‍ ബുക്കാന്‍ ഗുഹകളില്‍ ക്യാമ്പ് ചെയ്യുകയായിരുന്ന സ്ത്രീയും പുരുഷനും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചു.

ഡിസംബര്‍ 25, 26 തീയതികളില്‍ ക്വീന്‍സ്‌ലന്‍ഡിലും വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലും പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലിലും ശക്തമായ കാറ്റിലും ക്വീന്‍സ്‌ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ 1000-ത്തിലധികം വൈദ്യുതി ലൈനുകള്‍ തകരുകയും 85,000 വീടുകളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു. കനത്ത മഞ്ഞുവീഴ്ച്ചയുമുണ്ടായി. ശക്തമായ കാറ്റില്‍ മേല്‍ക്കൂരകള്‍ പറന്നുപോയി. ചിലയിങ്ങളില്‍ മരങ്ങള്‍ കടപുഴകി.



പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞുപോയ 24 മണിക്കൂര്‍ വളരെ ദാരുണമായിരുന്നുവെന്ന് ക്വീന്‍സ്‌ലന്‍ഡ് പോലീസ് കമ്മീഷണര്‍ കാറ്ററീന കരോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നദികളിലും അരുവികളിലും ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്തുമസ് അവധി ദിനങ്ങളായതിനാല്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതികൂല കാലാവസ്ഥയ്ക്ക് ഇന്നത്തോടെ ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മഴ പെയ്യുന്നതു തുടരുമെന്ന് ഓസ്ട്രേലിയയിലെ ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.